പത്താം നമ്പർ ഫുട്ബോൾ താരങ്ങളോടുള്ള ആദരം; സ്വിഫ്റ്റ് ഡെക്കാ ലിമിറ്റ‍ഡ് എഡിഷനുമായി മാരുതി

വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (13:38 IST)
ഇന്ത്യന്‍ വാഹന വിപണിയിലെ പ്രശസ്തമോഡൽ മാരുതി സ്വിഫ്റ്റിന്റെ ഡെക്കാ ലിമിറ്റ‍ഡ് എഡിഷന്‍ വിപണിയിലെത്തി. വിഎക്സ്ഐ, വിഡിഐ എന്നീ പെട്രോൾ,ഡീസൽ വേരിയന്റുകളിലാണ് ഈ ലിമിറ്റഡ് എഡിഷൻ ഇറങ്ങുന്നത്. പുതിയ റൂഫ് സ്പോയിലറും സൈഡ് സ്കേട്ടുകളും ഉൾപ്പെടുത്തിയാണ് പുത്തൻ എഡിഷൻ അവതരിച്ചിരിക്കുന്നത്. കടും ചുവപ്പ് നിറത്തിലും വെള്ളനിറത്തിലുമാണ് വാഹനം വിപണിയിലെത്തിയിട്ടുള്ളത്.
 
പത്താം നമ്പർ ഫുട്ബോൾ കളിക്കാർക്ക് ആദരം അര്‍പ്പിച്ചു കൊണ്ടുള്ളതാണ് സ്വിഫ്റ്റിന്റെ ഈ ഡെക്കാ എഡിഷൻ.ഫുട്ബോൾ കളിക്കാരുടെ ജേഴ്സിയിലുള്ള പത്താം നമ്പറിനെ സൂചിപ്പിക്കുന്ന വിധത്തിലുള്ള നമ്പർ 10 എന്നും കാറിന്റെ മുൻ ഡോറിൽ നൽകിയിരിക്കുന്നുണ്ട്. മുന്‍ സ്വിഫ്റ്റുകളിലേതുപോലെയുള്ള സിൽവർ ഫിനിഷിംഗിനു പകരം ഗ്ലോസി ബ്ലാക്ക് ഫിനിഷിംഗാണ് വീൽ കവറുകൾക്ക് നൽകിയിരിക്കുന്നത്. 
 
ബ്ലാക്ക്-റെഡ് നിറങ്ങളിലുള്ള സീറ്റുകൾ, ഫ്രണ്ട് ആം റെസ്റ്റ്, ക്യാമറയോടുകൂടിയ റിവേഴ്സ് പാർക്കിംഗ് സിസ്റ്റം, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആറ് ഇഞ്ച് സോണി സ്പീക്കറുകൾ, സ്റ്റിയറിംഗ് വീൽ കവർ തുടങ്ങിയവയാണ് അകത്തളത്തിലെ പ്രധാന സവിശേഷതകള്‍. കൂടാതെ ആംബിയന്റ് ലൈറ്റ്, ഡോർ സിൽ ഗാർഡ്, സെന്റർ കൺസോളിൽ കാർബൺ ഫൈബർ ഫിനിഷിംഗ്, ഫ്ലോർ മാറ്റ്, ഗിയർ ബൂട്ട് കവർ എന്നീ സവിശേഷതകളും വാഹനത്തിലുണ്ട്.
 
പെർഫോമൻസിനും പ്രാധാന്യം നൽകുന്ന രീതിയിലാണ് പുതിയ ഈ എഡിഷൻ നിര്‍മ്മിച്ചിരിക്കുന്നത്. സ്വിഫ്റ്റിന്റെ സ്റ്റാൻന്റേഡ് വിഎക്സ്ഐ(ഒ) മോഡലുകളേക്കാൾ 22,555രൂപ കൂടുതലാണ് ഈ വാഹനത്തിന്. അതുപോലെ വിഡിഐ(ഒ) യേക്കാൾ 30,319രൂപ അധിക നിരക്കിലാണ് വിഡിഐ ഡെക്കാഎഡിഷൻ ലഭ്യമാവുക. കൂടാതെ അക്സെസറി കിറ്റുകൾക്കായി 18,000രൂപയുടെ ആനുകൂല്യവും ഡെക്കാ എഡിഷന് ഏർപ്പെടുത്തിയിട്ടുണ്ട്. 5,94,445, 6,86,983 ലക്ഷം എന്ന നിരക്കിലാണ് ഡല്‍ഹി എക്സ്ഷോറൂം വില.

വെബ്ദുനിയ വായിക്കുക