കാത്തിരിപ്പിനു വിരാമം; എസ്‌യുവി ശ്രേണിയില്‍ പുതുചരിത്രം രചിക്കാന്‍ മാരുതി ഇഗ്നിസ് വിപണിയില്‍

സജിത്ത്
വെള്ളി, 13 ജനുവരി 2017 (15:08 IST)
ചെറു എസ് യു വികൾക്കിടയിലെ താരമാകാൻ മാരുതി സുസുക്കിയുടെ ഇഗ്നിസ് ഇന്ന് വിപണിയിലെത്തും. നെക്​സ ഡീലർഷിപ്പിലൂടെ മാരുതി പുറത്തിറക്കുന്ന മൂന്നാമത്തെ കാറാണ്​ ഇഗ്​നിസ്​. ബുക്ക്​ ചെയ്​ത്​ ആറു മുതൽ ഏഴ്​ ആഴ്​ച കൊണ്ട്​ പെട്രോൾ വകഭേദമായ ഇഗ്​നിസ്​ ലഭിക്കുമെന്നാണ് നെക്സ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഡീസൽ പതിപ്പിന് ഏഴു മുതൽ എട്ട്​ ആഴ്​ചവരെ​ കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ഒമ്പത്​ നിറങ്ങളിലാണ്​ മാരുതി ഇഗ്​നിസിനെ വിപണിയിലെത്തിക്കുന്നത്​. ഓട്ടോമാറ്റിക്,​ മാനുവൽ എന്നീ രണ്ട് ട്രാൻസ്​മിഷനുകളിലും വാഹനം ലഭ്യമാവും. 4.5 ലക്ഷം മുതൽ 8 ലക്ഷം വരെയായിരിക്കും ഇഗ്​നിസിന്റെ വിലയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1.2 ലിറ്റര്‍ കെ സീരിസ്​ പെ​ട്രോൾ എഞ്ചിന്‍, 1.3 ലിറ്റര്‍ ഡി.ഡി.​ഐ.എസ്​ ഡീസൽ എഞ്ചിന്‍ എന്നീ വകഭേദങ്ങളാണ് വാഹനത്തിനുള്ളത്.
 
വിപണിയിലെ പുതിയ താരോദയമായ എൻട്രി ലെവൽ എസ് യു വി സെഗ്‍മെന്റിലേയ്ക്ക് മാരുതി പുറത്തിറക്കുന്ന വാഹനമാണ് ഇഗ്നിസ്. മാരുതിയുടെ സെലേറിയോയിൽ ഉപയോഗിക്കുന്ന 800 സി സി ഡീസൽ എൻജിന്റെ മൂന്ന് സിലിണ്ടർ വകഭേദമായിരിക്കും പുതുതായി വികസിപ്പിക്കുന്ന ഈ എൻജിൻ. 2015 ടോക്കിയോ ഓട്ടോഷോയിൽ അവതരിപ്പിച്ച മോഡൽ കഴിഞ്ഞ ഡൽഹി ഓട്ടോഎക്സ്പോയിലായിരുന്നു ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. 
 
മാരുതി അടുത്തിടെ പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിർമ്മിച്ചിരിക്കുന്ന ഇഗ്നിസ് ചെറു എസ്‌യുവിയാണെങ്കിലും മസ്കുലറായ രൂപത്തിനുടമയാണ്. കൂടാതെ വലിപ്പമേറിയ ഗ്രില്ല്, ഹെഡ് ലാമ്പുകള്‍, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ തുടങ്ങിയവ ഇഗ്നിസിന്റെ പ്രധാന സവിശേഷതകളാണ്. യൂറോ സുരക്ഷ പരിശോധനയിൽ നാല്​ സ്​റ്റാർ ലഭിച്ച വാഹനമാണ്​ ഇഗ്​നിസ്​.
Next Article