മാരുതിയ്ക്ക് മറ്റൊരു പൊന്‍തൂവല്‍; 'ബെസ്റ്റ് സെല്ലിംഗ് കാര്‍' പദവിയുമായി ‘ആള്‍ട്ടോ’ !

ചൊവ്വ, 11 ഏപ്രില്‍ 2017 (09:38 IST)
മാരുതിയുടെ അധ്യായങ്ങളിലേക്ക് വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ കാര്‍ എന്ന ബഹുമതി തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ‘ആള്‍ട്ടോ’യ്ക്ക്. ‘ആള്‍ട്ടോ’ എന്ന ബ്രാന്റ് ഇന്ത്യയിലെതന്നെ പല കാര്‍ നിര്‍മ്മാതാക്കളുടെയും വാര്‍ഷിക വില്‍പ്പനയെ പിന്തള്ളിക്കൊണ്ടുള്ള പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്.
 
17 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ അവതരിച്ച മാരുതി ആള്‍ട്ടോ, കീരിടമില്ലാത്ത രാജാവിനെ പോലെ പതിറ്റാണ്ട് വാഴുകയാണ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2.41 ലക്ഷത്തോളം യൂണിറ്റ് വില്‍പ്പനയോടെയാണ് ‘ആള്‍ട്ടോ’ ഈ നേട്ടം കരസ്ഥമാക്കിയത്. മാരുതി കാലങ്ങളായി കാത്ത് സൂക്ഷിച്ച ലാളിത്യം തന്നെയാണ് 17 വർഷങ്ങൾക്കിപ്പുറവും ആള്‍ട്ടോയുടെ വിജയ രഹസ്യം.
 
ആദ്യ മൂന്നുവര്‍ഷക്കാലം ഒരു ലക്ഷം യുണിറ്റായിരുന്നു ഈ കാറിന്റെ വാര്‍ഷിക വില്‍പ്പന. പ്രതിമാസം ശരാശരി 22000 ആള്‍ട്ടോകളെയാണ് മാരുതി വിപണിയില്‍ എത്തിക്കുന്നത്. ഇന്ത്യന്‍ മനസ് കീഴടക്കിയ ആള്‍ട്ടോ, പണത്തിനൊത്ത മൂല്യവും മികച്ച ഇന്ധനക്ഷമതയും, പ്രകടനവുമാണ് പതിറ്റാണ്ടുകളായി കാഴ്ച്ചവെക്കുന്നതെന്നും ഇതുമാത്രമാണ്  മറ്റ് മോഡലുകളിൽ നിന്നും ആള്‍ട്ടോയെ വിപണിയില്‍ വേറിട്ട് നിര്‍ത്തുന്നതെന്നുമാണ് വാസ്തവം.

വെബ്ദുനിയ വായിക്കുക