ഇന്നോവയുടെ പടയോട്ടം പ്രശ്‌നമാണ്; മഹീന്ദ്ര രണ്ടും കല്‍പ്പിച്ച്

തിങ്കള്‍, 13 ഫെബ്രുവരി 2017 (12:21 IST)
നിരത്തുകള്‍ കീഴടക്കി വാഹനപ്രേമികളുടെ ബഹുമാനം സ്വന്തമാക്കിയ ടൊയോട്ട ഇന്നോവയ്‌ക്ക് ബദലായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുത്തൻ എംയുവി പുറത്തിറക്കും. ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയ പുതിയ മോഡലിന്റെ വികസനത്തിനും നിർമാണത്തിനുമായി 1,500 കോടി രൂപയാണ് കമ്പനി മുതല്‍ മുടക്കുന്നത്.

വികസനഘട്ടത്തിലുള്ള ‘യു 321’ ഇക്കൊല്ലം രണ്ടാം പകുതിയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ഉയരം കൂടിയ, പരമ്പരാഗത രീതിയിലുള്ള രൂപകൽപ്പനയാണു പുതിയ എംപി വിക്കായി മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നതെന്നാണു സൂചന.

ഉള്ളില്‍ പരമാവധി സൗകര്യം ഉറപ്പാക്കാൻ നീളമേറിയ വീൽബേസും മുന്നിലും പിന്നിലും നീളം കുറഞ്ഞ ഓവർഹാങ്ങുമാവും പുതിയ എം പി വിക്കുണ്ടാവുക. മഹീന്ദ്ര ഇംപീരിയൊ പിക് അപ് ട്രക്കിന്റെ ഹെഡ്ലൈറ്റുകളോടാണ് ഈ എം പി വിയുടെ ഹെഡ്ലൈറ്റിനു സാമ്യം.

പ്രകടമായ എയർ ഇൻടേക്കും ഫോഗ് ലാംപിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറും മഹീന്ദ്രയുടെ തനതു ഗ്രില്ലുമാണ് എം പി വിയിലുള്ളത്.

വെബ്ദുനിയ വായിക്കുക