ഇന്ത്യയിൽ നിർമിക്കുന്ന ‘ജീപ് കോംപസ്’ അടുത്ത വർഷം മധ്യത്തോടെ നിരത്തിലെത്തും. പൂനെയ്ക്കടുത്ത രഞ്ജൻഗാവിലെ എഫ് സി എ ഇന്ത്യ ശാലയിൽ നിന്നായിരിക്കും 2017ന്റെ മധ്യത്തില്‍ ‘ജീപ് കോംപസ്’ എത്തുക. ജീപ്പിന്റെ ചെറു എസ് യു വി റെനഗേഡിന്റെ പ്ലാറ്റ്ഫോമില്‍ തന്നെയാണ് ‘ജീപ് കോംപസ്’ നിര്‍മ്മിക്കുന്നത്. സാധാരണക്കാരെ ഉദ്ദേശിച്ച് പുറത്തിറക്കുന്ന ഈ വാഹനത്തിന് 25 ലക്ഷം രൂപയിൽ താഴെയായിരിക്കും വില എന്നാണ് സൂചന.
കൂടിയ വീൽബെയിസുമായാണ് വാഹനം നിരത്തിലെത്തുക. 2 ലീറ്റർ ഡീസൽ, 1.4 ലീറ്റർ പെട്രോൾ മോഡലുകളുമായാണ് കോംപസ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘ജീപ് ഗ്രാൻഡ് ചെറോക്കീ’, ‘ജീപ് റാംഗ്ലർ’ എന്നീ മോഡലുകളുമായി കഴിഞ്ഞ ഓഗസ്റ്റിലാണ് എഫ് സി എ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. തുടര്‍ന്നാണ് ‘ജീപ് ഡസ്റ്റിനേഷൻ സ്റ്റോർ’ എന്ന പേരില്‍ പ്രത്യേക ഷോറൂമുകൾ അഹമ്മദബാദിലും ഡൽഹിയിലും പ്രവർത്തനം ആരംഭിച്ചത്.
ഇന്ത്യൻ വാഹന വിപണിയിൽ ഹ്യുണ്ടേയ് ‘ട്യുസോൺ’, ബി എം ഡബ്ല്യു ‘എക്സ് വൺ’, ഹോണ്ട ‘സി ആർ-വി’, ഫോഡ് ‘എൻഡേവർ’, ടൊയോട്ട ‘ഫോർച്യൂണർ’, ഷെവർലെ ‘ട്രെയ്ൽ ബ്ലേസർ’, ഔഡി ‘ക്യു ത്രീ’ എന്നീ വമ്പന്മാരോടായിരിക്കും ‘ജീപ് കോംപസ്’ മത്സരിക്കുക.