ചെറുകിട വ്യാവസായിക ബന്ധം ശക്തിപ്പെടുത്താന്‍ ജപ്പാന്‍ സംഘം കേരളം സന്ദര്‍ശിക്കും
വ്യാഴം, 28 ഓഗസ്റ്റ് 2014 (12:30 IST)
ജപ്പാനും ഇന്ത്യയും തമ്മിലുള്ള ചെറുകിട വ്യാവസായിക ബന്ധം ശക്തിപ്പെടുത്താന്‍ ജപ്പാന്‍ സംഘം കേരളം സന്ദര്‍ശിക്കും. നവംബര്‍ ആദ്യവാരമായിരിക്കും കേരള സന്ദര്‍ശനം.സന്ദര്‍ശനത്തിലൂടെ വ്യാപാര ബന്ധങ്ങള്‍, നിക്ഷേപം, സാങ്കേതിക വിദ്യയുടെ കൈമാറ്റം, കൂട്ടുസംരംഭങ്ങള്‍, വ്യാപാര സഹകരണം എന്നീ മേഖലകളില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ കൊച്ചി തിരുവനന്തപുരം എന്നീ നഗരങ്ങള്‍ക്ക് പുറമേ ഡല്‍ഹി, മുംബയ് എന്നീ നഗരങ്ങളും സംഘം സന്ദര്‍ശിക്കും.ടൂറിസം, ഐ.ടി. രംഗത്താണ് ജപ്പാനും കേരളവുമായി കൂടുതല്‍ സഹകരണമുള്ളത്.ഇതോടെ സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ജപ്പാനിലെ സമാന സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിസ്ഥിതി, വിവരസാങ്കേതിക വിദ്യ, ഭക്ഷ്യനിര്‍മ്മാണം, ഹെല്‍ത്ത് ടൂറിസം എന്നീ മേഖലകളില്‍ ജപ്പാന്‍ നിക്ഷേപം നടത്തുമെന്നാണ് കരുതപ്പെടുന്നത് .ഇതിന്റെ ഭാഗമായി ജപ്പാന്‍ കോണ്‍സുലേറ്റ് ജനറല്‍ മസനോറി നകാനോയുടെ നേതൃത്വത്തിലുള്ള സംഘം മേയര്‍ ടോണി ചമ്മിണിയുമായി ചര്‍ച്ച നടത്തി. ജപ്പാനിലെ ചെറുകിട വ്യാപാര കമ്പനികള്‍ക്ക് തെക്കേ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുണ്ടെന്ന് കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.