എസ് യു വി ശ്രേണിയില്‍ പടപ്പുറപ്പാടിനൊരുങ്ങി ‘ഇസൂസു എം യു — എക്സ്’ !

വ്യാഴം, 4 മെയ് 2017 (09:11 IST)
ഇസൂസു മോട്ടോഴ്സിന്റെ പുതിയ എസ് യു വി ‘ഇസൂസു എം യു — എക്സ്’ ഇന്ത്യയിലേക്കെത്തുന്നു. ആന്ധ്ര പ്രദേശിലെ ശ്രീസിറ്റിയിലുള്ള നിർമാണശാലയിൽ നിന്ന് ഈ11 നാണ് ‘എം യു — എക്സ്’ അരങ്ങേറ്റം കുറിക്കുക. പിക് അപ്പായ ‘വി ക്രോസ് ഡി മാക്സു’മായി പ്ലാറ്റ്ഫോം പങ്കിടുന്ന ‘എം യു സെവൻ’ എസ് യു വിയുടെ പകരക്കാരനായിട്ടാണ് ഇസൂസു ‘എം യു — എക്സി’നെ പടയ്ക്കിറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 25 ലക്ഷം രൂപയോളമാവും എസ് യു വിയുടെ വില.
 
‘വി ക്രോസി’നു സമാനമായ രൂപകൽപ്പനയില്‍ മൂന്നു നിര സീറ്റുകളുള്ള എസ് യു വിയാണ് ഇത്. ഫോർ ബൈ ടു, ഫോർ ബൈ ഫോർ എന്നീ ലേ ഔട്ടുകളിലാണ് ‘എം യു — എക്സ് വിപണിയിലെത്തുക. മൂന്നു ലീറ്റർ ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുക. 161 ബി എച്ച് പി വരെ കരുത്തും 360 എൻ എം വരെ ടോര്‍ക്കുമാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. മാനുവല്‍, ഓട്ടമാറ്റിക് ട്രാൻസ്മിഷനില്‍ ഇസൂസു ‘എം യു — എക്സ്’ വിൽപ്പനയ്ക്കെത്തിക്കും.  
 
ഫോഡ് ‘എൻഡേവർ’, ടൊയോട്ട ‘ഫോർച്യൂണർ’, മിറ്റ്സുബിഷി ‘പജീറൊ സ്പോർട്’ എന്നീ വമ്പന്മാരോടായിരിക്കും ഇന്ത്യയിൽ ഇസൂസു ‘എം യു — എക്സി’ന്റെ മത്സരം. 2016 ഏപ്രിലിൽ ഉൽപ്പാദനം ആരംഭിച്ച ശാലയ്ക്കായി ഇസൂസു മോട്ടോഴ്സ് ഇതുവരെ 3,000 കോടിയോളം രൂപയാ‍ണ് മുടക്കിയിട്ടുള്ളത്. ‘എം യു — എക്സ്’ന്റെ അവതരണത്തോടെ ഈ ശാലയിൽ നിന്നുള്ള കയറ്റുമതി ആരംഭിക്കാനും ഇസൂസു പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

വെബ്ദുനിയ വായിക്കുക