ഹ്യുണ്ടേയ് ‘ഗ്രാൻഡ് ഐ 10’ ന് കരുത്തനായ എതിരാളി; നവീകരിച്ച ഹോണ്ട ‘ബ്രിയൊ’ വിപണിയിലേക്ക്

ശനി, 1 ഒക്‌ടോബര്‍ 2016 (10:23 IST)
ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ ചെറുകാര്‍ ‘ബ്രിയൊ’യുടെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. കോംപാക്ട് സെഡാന്‍ ‘അമെയ്സി’ല്‍ ഉള്ളതുപോലെ രൂപത്തിലും ഭാവത്തിലുമുള്ള മാറ്റങ്ങൾ മാത്രമാണു ‘ബ്രിയൊ’യിലും ഹോണ്ട നടപ്പാക്കിയിട്ടുള്ളത്.
 
പരിഷ്കരിച്ച ബംപറുകളാണു പുതിയ ‘ബ്രിയൊ’യുടെ പ്രധാന സവിശേഷത. കൂടാതെ ഡാഷ്ബോര്‍ഡിന്റെ രൂപകല്പനയിലും ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. എന്നാല്‍ സാങ്കേതിക വിഭാഗത്തിൽ ഒരു തരത്തിലുള്ള മാറ്റവും ഈ വാഹനത്തില്‍ കമ്പനി കൊണ്ടു വന്നിട്ടില്ല. 
 
1.2 ലീറ്റർ, ഐ വി ടെക് പെട്രോൾ എഞ്ചിൻ തന്നെയാണ് ഈ കാറിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 88 പി എസ് കരുത്തും 109 എൻ എം ടോർക്കുമാണ് സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ് ട്രാൻസ്മിഷനുകളുമായാണ് വാഹനം എത്തുന്നത്.
 
ഇന്ത്യയിൽ ശക്തമായ മത്സരം നിലനിൽക്കുന്ന ഹാച്ച്ബാക്ക് വിപണിയിലേക്കാണ് ‘ബ്രിയൊ’ എത്തുന്നത്. റെനോ ‘പൾസ്, നിസ്സാൻ ‘മൈക്ര’, ഹ്യുണ്ടേയ് ‘ഗ്രാൻഡ് ഐ 10’ ടൊയോട്ട ‘എത്തിയോസ് ലിവ’, ഷെവർലെ ‘ബീറ്റ്’,മാരുതി സുസുക്കി ‘സ്വിഫ്റ്റ്’, ഫോഡ് ‘ഫിഗൊ’ എന്നിവയോടെല്ലാമാണു ‘ബ്രിയൊ’ മത്സരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക