ഈ സ്വര്‍ണത്തിനിതെന്തു പറ്റി, ദേ വീണ്ടും വിലയിടിഞ്ഞു
ചൊവ്വ, 4 ഓഗസ്റ്റ് 2015 (11:23 IST)
സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 18,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 2350 രൂപയാണ് ഗ്രാമിന്റെ വില. 18920 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അതേസമയം ആഗോള തലത്തില്‍ വില ഇടിഞ്ഞതിനുന്‍ പിന്നാലെ രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതി കുത്തനെ കൂടി. ഇറക്കുമതിക്കുള്ള നിയന്ത്രണത്തില്‍ ആര്‍ബിഐ ഇളവ് വരുത്തിയതും ഇറക്കുമതി കൂട്ടാന്‍ കാരണമായി.
ഏപ്രില്‍-മെയ് മാസങ്ങളിലെ സ്വര്‍ണം ഇറക്കുമതിയില്‍ 61 ശതമാനം വര്‍ധന. ഈ കാലയളവില്‍ രാജ്യത്ത് 155 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 96 ടണ്‍ ഇറക്കുമതി ചെയ്തസ്ഥാനത്താണിത്.
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നരാജ്യമാണ് ഇന്ത്യ. ആഭരണ നിര്‍മാണത്തിനാണ് സ്വര്‍ണം കൂടുതലായി ഉപയോഗിക്കുന്നത്. കുറച്ച് മാസങ്ങളായി സ്വര്‍ണവില താഴ്ന്ന നിലവാരത്തിലാണ് തുടരുന്നത്. ന്യൂയോര്‍ക്ക് വിപണിയില്‍ ഔണ്‍സിന് 1,095 ഡോളര്‍ നിലവാരത്തിലാണ് ജൂലായ് 31ന് വ്യാപാരം അവസാനിപ്പിച്ചത്.