തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ മാറ്റങ്ങള്‍ക്കു സാധ്യത. പുതിയ സംസ്ഥാന അധ്യക്ഷനെ അടുത്തയാഴ്ച അറിയാം. തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ചുള്ള കേന്ദ്ര നേതൃത്വത്തിന്റെ സര്‍ക്കുലര്‍ സംസ്ഥാന നേതൃത്വത്തിനു ലഭിച്ചു. മാര്‍ച്ച് 23ന് നോമിനേഷന്‍ സമര്‍പ്പിക്കും. തുടര്‍ന്ന് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നതിനു ശേഷമായിരിക്കും പ്രഖ്യാപനം.
മിസോറമിലായിരുന്ന മുതിര്‍ന്ന നേതാവ് വി.മുരളീധരന്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം കേരളത്തിലെത്തിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുക മുരളീധരനാണ്. നിലവിലെ സംസ്ഥാന അധ്യക്ഷനും മുരളീധരനുമായി വളരെ അടുപ്പവുമുള്ള കെ.സുരേന്ദ്രന്‍ തന്നെ തുടരാനാണ് കൂടുതല്‍ സാധ്യത.
അതേസമയം സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. സുരേന്ദ്രനെതിരായ എതിര്‍പ്പ് രൂക്ഷമായാല്‍ പുതിയ അധ്യക്ഷനെ തേടും. എം.ടി.രമേശ് അധ്യക്ഷ സ്ഥാനത്ത് എത്താനും സാധ്യതയുണ്ട്. പി.കെ.കൃഷ്ണദാസ് പക്ഷത്തുള്ള നേതാക്കളുടെ പിന്തുണ രമേശിനാണ്. ഇതിനിടെ സംസ്ഥാന അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് രാജീവ് ചന്ദ്രശേഖറും ദേശീയ നേതൃത്വത്തിനോടു സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.