നിരവധി തവണ കയറ്റിറക്കങ്ങള്‍ക്കു ശേഷം സ്വര്‍ണ്ണ വില 240 രൂപ കൂടി. ആഗോള വിപണിയില്‍ ഉണ്ടായ മാറ്റങ്ങളാണ് സ്വര്‍ണ്‍ന വില കൂടാന്‍ ഇടയാക്കിയത്. പവന് 240 രൂപ വര്‍ദ്ധിച്ച് 21,360 രൂപയിലാണ് കൊച്ചി വിപണിയില്‍ ഇന്നലെ വ്യാപാരം പുരോഗമിച്ചത്. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് വില 2,670 രൂപയായി.
രാജ്യാന്തര വിപണിയിലെ വില വര്‍ദ്ധനയ്‌ക്കൊപ്പം, ഇന്ത്യയില്‍ ഉത്‌സവകാല സീസണ്‍ അടുക്കാറായത് മുന്‍ നിറുത്തിയും ജുവലറിക്കാരും റീട്ടെയില്‍ കച്ചവടക്കാരും മികച്ച വാങ്ങല്‍ നടത്തിയതാണ് ന്യൂഡല്‍ഹി വിപണിയില്‍ മികച്ച വില വര്‍ദ്ധനയ്‌ക്ക് കാരണം.
ന്യൂഡല്‍ഹി ബുള്ള്യന്‍ വിപണിയില്‍ ഇന്നലെ പത്ത് ഗ്രാമിന് 300 രൂപ ഉയര്‍ന്നു. 28,800 രൂപയാണ് അവിടെ ഇന്നലെ പത്ത് പവന് രേഖപ്പെടുത്തിയ വില. രാജ്യാന്തര വിപണിയില്‍ ഇന്നലെ സ്വര്‍ണവില മികച്ച ഉണര്‍വ് നേടി. സിംഗപ്പൂര്‍ വിപണിയില്‍ ട്രോയ് ഔണ്‍സിന് ഇന്നലെ 0.2 ശതമാനം വര്‍ദ്ധനയോടെ സ്വര്‍ണവില 1,308 ഡോളറിലെത്തി.
ന്യൂഡല്‍ഹിയില്‍ വെള്ളി വിലയും ഇന്നലെ നേട്ടമുണ്ടാക്കി. കിലോഗ്രാമിന് 450 രൂപ ഉയര്‍ന്ന് 44,500 രൂപയാണ് വെള്ളിയ്‌ക്ക് വില.