നിര്‍മ്മാണ മേഖലയെ തളര്‍ത്തി സിമന്റ് വില കുതിക്കുന്നു

ശനി, 20 ഡിസം‌ബര്‍ 2014 (14:18 IST)
നിര്‍മ്മാണ മേഖലയെ തളര്‍ത്തുന്ന തരത്തില്‍ വില വര്‍ദ്ധിപ്പിച്ചുകൊണ്ട് സിമന്റ് കമ്പനികള്‍. കേരളത്തിലെ നിര്‍മ്മാണ മേഖല താമസിയാതെ സ്തംഭനത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.  വിലവര്‍ധനമൂലം സിമന്റുവില്പന 60 ശതമാനത്തിലധികം കുറഞ്ഞെന്നാണ് കണക്കുകള്‍ പറയുന്നത്. അമ്പത് കിലോഗ്രാം വരുന്ന ഒരു ചാക്ക് സിമന്റിന്റെ വില ഡിസംബര്‍ 14ന് 35 രൂപയാണ് കൂട്ടിയത്. എന്നാല്‍ അടുത്ത ദിവസങ്ങളികുള്ളില്‍ തന്നെ വില 20 രൂപയോളം വര്‍ദ്ധിപ്പിക്കുമെന്നും സൂചനയുണ്ട്.

330 രൂപ വിലയുണ്ടായിരുന്ന സിമന്റിന് ഇപ്പോള്‍  375 രൂപയ്ക്ക് മുകളില്‍ എത്തി.  രണ്ടു തവണകൂടി വില കൂട്ടുമെന്നാണ് കമ്പനികള്‍ വിതരണക്കാരോട് പറഞ്ഞിരിക്കുന്നത്. അടുത്ത ജനുവരി ഒന്നിന് രണ്ടാമത് വില വര്‍ദ്ധനവ് നടപ്പിലാക്കാനാണ് കമ്പനികളുടെ തീരുമാനം. ഇതുകൂടിയാകുമ്പോള്‍ ഒരു ചാക്ക് സിമന്റിന്റെ വില 400 രൂപ കടക്കാനാണ് സാധ്യത. വില വര്‍ദ്ധനവ് നടപ്പിലായതൊടെ ദിവസം 400 ചാക്ക് സിമന്റുവരെ വിറ്റുപോയിരുന്ന റീട്ടെയില്‍ കടകളില്‍ ഇപ്പോള്‍ അമ്പതുചാക്കിനു മുകളില്‍ മാത്രമാണ് ചെലവാകുന്നത്.

വിലവര്‍ദ്ധനവ് കരാറടിസ്ഥാനത്തില്‍ നിര്‍മ്മാണ ജോലികള്‍ ഏറ്റെടുത്തവരേയാണ് ബാധിച്ചിരിക്കുന്നത്. കരാര്‍ തുകയ്ക്ക് നിശ്ചിത ജോലി ചെയ്ത് തീര്‍ക്കാന്‍ സാധിക്കില്ലെന്നതാണ് കാരണം. സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള മലബാര്‍ സിമന്റ്‌സും സ്വകാര്യ കമ്പനികളുടെ അതേ നിരക്കില്‍ വില കൂട്ടുന്നത് ഇടത്തരക്കാരുടെ വീടെന്ന സ്വപ്നത്തിന്മേലാണ് ആണിയടിച്ചത്. ഈ നില തുടര്‍ന്ന് പോയാല്‍ നിര്‍മ്മാണ് മേഖല പൂര്‍ണ്ണമായും സ്തംഭിക്കുമെന്ന് സൂചനയുണ്ട്. തമിഴ്‌നാട്ടിലെ സിമന്റ് നിര്‍മ്മാണ കമ്പനികള്‍ ഉത്പാദനം കുറച്ചതാണ് വില വര്‍ദ്ധിക്കാന്‍ കാരണം.

ചെലവും വരുമാനവും തമ്മില്‍ ഒത്തുപോകാത്തതിനാലാണ് ഉത്പാദനം കുറച്ചതെന്ന് കമ്പനികള്‍ പറയുന്നു. എന്നാല്‍ കൃത്രിമക്ഷാമം സൃഷ്ടിക്കാനുള്ള കമ്പനികളുടെ തന്ത്രമാണ് ഇതെന്നാണ് വിതരണക്കാരുടെ നിലപാട്. വില വര്‍ദ്ധനവ് നടപ്പിലായതോടെ വിപണിയില്‍ വില സംബന്ധിച്ച തര്‍ക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക