അസാധുവാക്കിയ നോട്ടുകളില്‍ ഭൂരിഭാഗവും തിരികെയെത്തിയതായി ആര്‍ബിഐ

Webdunia
ബുധന്‍, 14 ഡിസം‌ബര്‍ 2016 (09:37 IST)
രാജ്യത്ത് അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഡിസംബര്‍ 10 വരെയുള്ള കണക്കാണ് ഇത്. ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്.
 
ഈ മാസം 10 വരെയുള്ള കണക്ക് അനുസരിച്ച്​ നവംബര്‍ എട്ടിന് പിന്‍വലിച്ച നോട്ടുകളില്‍ 12.44 ലക്ഷം കോടി രൂപ ബാങ്കില്‍ എത്തിയെന്ന്​ ആര്‍ ഗാന്ധി അറിയിച്ചു. നവംബര്‍ എട്ടാം തിയതി അപ്രതീക്ഷിതമായി 500 രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന വാര്‍ത്ത പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ 14 ലക്ഷം കോടി രൂപ മൂല്യമുള്ള 500 രൂപ, 1000 രൂപ നോട്ടുകള്‍ ആയിരുന്നു പ്രചാരത്തില്‍ ഉണ്ടായിരുന്നത്.
 
പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം ബാങ്കുകള്‍ വഴിയും എ ടി എം വഴിയും 4.61 ലക്ഷം കോടി രൂപ വിതരണം ചെയ്തു. രാജ്യത്ത് നോട്ട് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പണമെത്തിക്കും. കള്ളപ്പണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്‍ ബി ഐ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതായും ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു.
Next Article