ബാങ്ക് ലയനം മറയാക്കി തട്ടിപ്പിന്റെ പുതിയവഴി, നഷ്ട്പ്പെട്ടത് കോടിക്കണക്കിന് രൂപ
ചൊവ്വ, 21 ജൂണ്‍ 2016 (10:40 IST)
എസ് ബി ഐ ബാങ്കിൽ എസ് ബി ടി ഉൾപ്പെടെയുള്ള സഹബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനം ആയുധമാക്കി ഓൺലൈനിലൂടെ വൻതോതിൽ പണം തട്ടിപ്പ്. വിശ്വസനീയമായ രീതിയിൽ ആണ് ഇവർ അക്കൗണ്ട് ഉടമകളിൽ നിന്നും പണം തട്ടുന്നത്.
കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ കോടിക്കണക്കിന് രൂപയാണ് പല അക്കൗണ്ട് ഉടമകൾക്ക് നഷ്ട്മായിരിക്കുന്നത്. ബാങ്കിൽ നിന്നാണ് വിളിക്കുന്നത് എന്ന് വിശ്വസിപ്പിക്കുകയാണ് ഇവർ ആദ്യം ചെയ്യുന്നത്. ബാങ്കുകൾ ലയിപ്പിക്കുന്നതിനാൽ പഴയ എ ടി എം കാർഡ് മാറ്റണമെന്ന് പറഞ്ഞ്, അക്കൗണ്ടിന്റെ വിശദവിവരങ്ങൾ കൈക്കലാക്കുകയാണ് ഇവർ ചെയ്യുന്നത്.
ബാങ്കുകൾ ലയിപ്പിക്കുന്ന വിവരങ്ങൾ അറിയാവുന്നതിനാൽ ഇത്തരം വിളികൾ വിശ്വസിച്ച് പോകുമെന്നാണ് പണം നഷ്ട്പ്പെട്ടവരിൽ ചിലർ പറയുന്നത്. ബാങ്കുകൾ ലയിപ്പിക്കുന്നതിനാൽ പുതിയ എടിഎം കാർഡ് നൽകുന്നുണ്ടെന്നും അതിനാൽ താങ്കളുടെ അക്കൗണ്ട് നമ്പറിന്റെ ആദ്യ നാലക്കങ്ങളും വിലാസവും പറഞ്ഞ് തന്നാൽ മതി എന്ന് പറഞ്ഞാണ് ഫോൺ വരിക.
ബാങ്കിൽ നിന്നാണെന്ന വിശ്വാസത്തിൽ കാർഡിന്റെ നമ്പർ പറഞ്ഞ് കൊടുക്കുമ്പോൾ, ഒരു മിനിട്ടിനകം താങ്കളുടെ ഫോണിലേക്ക് 'പ്രോമോ കോഡ്' വരുമെന്നും അത് പറഞ്ഞ് തന്നാൽ മതിയെന്നും വിളിക്കുന്നവർ പറയും. എന്നാൽ 'പ്രോമോ കോഡ്' എന്നത് ഒറ്റത്തവണ പാസ്‌വേഡ് ആണെന്ന് മനസ്സിലാക്കാതെ പറഞ്ഞ് കൊടുക്കുകയും ചെയ്യും.
കാർഡ് നമ്പർ ഉപയോഗിച്ച് തട്ടിപ്പുകാർ ഓൺലൈൻ വ്യാപാര സൈറ്റിൽ പണം ഒടുക്കുകയാണ്. ആവശ്യത്തിനുള്ള പണം തട്ടിക്കഴിയുമ്പോൾ താങ്കളുടെ അക്കൗണ്ടിൽ നിന്നും ഇത്ര പണം പിൻവലിച്ചിരിക്കുന്നു എന്ന് സന്ദേശം ലഭിക്കുമ്പോൾ മാത്രമാകും ചതിയായിരുന്നുവെന്ന് അക്കൗണ്ട് ഉടമകൾക്ക് മനസ്സിലാവുകയുള്ളു.
തട്ടിപ്പുകാർ വിളിക്കുമ്പോൾ 'നെക്സ്റ്റ് ടോക്കൺ നമ്പർ' എന്ന ഇലക്ട്രൊണിക് അനൗൺസ്മെന്റ് കേൾക്കും. ബാങ്കിൽ നിന്നാണ് വിളിക്കുന്നതെന്ന് വിശ്വസിപ്പിക്കുന്നതിനുള്ള ആദ്യപടിയാണിത്. സ്ത്രീകളെക്കൊണ്ടാണ് പലപ്പോഴും വിളിക്കുക. തട്ടിപ്പിന്റെ രണ്ടാമത്തെ വഴിയാണിത്. സ്ത്രീകളാകുമ്പോൾ കൂടുതൽ വിശ്വാസ്യത ലഭിക്കുമെന്ന് തട്ടിപ്പുകാർക്ക് ഉറപ്പുള്ളതിനാലാണ്.
ലയനത്തിന്റെ പേരിൽ മാത്രമല്ല, ഒരു കാരണത്തിനും ബാങ്കുകൾ ആരേയും വിളിച്ച് അക്കൗണ്ടിന്റെ വിശദാംശങ്ങൾ ആവശ്യപ്പെടാറില്ല. ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്താറുണ്ട്. എന്നിട്ടും തട്ടിപ്പുകാർക്ക് ഉടമകളെ വിശ്വസിപ്പിക്കാൻ കഴിയുന്നുവെന്ന് എസ് ബി ടിയുടെ ഐ ടി വിഭാഗം ജനറൽ മാനേജർ എം വരദരാജയ്യർ വ്യക്തമാക്കുന്നു.
കഴിഞ്ഞ നാലുദിവസത്തിനുള്ളിൽ ഓൺലൈൻ തട്ടിപ്പ് വഴി പണം നഷ്ട്പ്പെട്ടതായി എട്ട് പരാതികളാണ് ലഭിച്ചിരിക്കുന്നതെന്ന് തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷൻ ഡി വൈ എസ് പി വി രാജേഷ്കുമാർ പറഞ്ഞു. ഇത്തരം വിളികൾ വിശ്വസിക്കരുതെന്നും അനുകൂലമായ രീതികളിൽ ഇവരോട് പ്രതികരിക്കരുതെന്നും ഇദ്ദേഹം വ്യക്തമാക്കി.