പ്രൗഢം ഗംഭീരം ഈ 'വാല്‍ക്കെയ്റി'; ഐതീഹ്യങ്ങളിലെ ഹൈപ്പര്‍കാറുമായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ !

ശനി, 1 ഏപ്രില്‍ 2017 (12:40 IST)
ജനീവ മോട്ടോര്‍ ഷോയ്ക്ക് മുന്നോടിയായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവതരിപ്പിച്ച AM-RB 001 മോഡല്‍ ശ്രദ്ധേയമാകുന്നു. ‘വാല്‍ക്കെയ്‌റി’ എന്ന ഔദ്യോഗിക നാമത്തിലാണ് AM-RB 001 എന്ന ഹൈപ്പര്‍കാറിനെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ മോഡലുകള്‍ക്കും 'V' എന്ന പദത്തില്‍ ആരംഭിക്കുന്ന നാമം നല്‍കി വരുന്ന പാരമ്പര്യത്തെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇത്തവണയും മുറുകെ പിടിച്ചിരിക്കുകയാണ്. 
 
കരുത്തിനൊപ്പംതന്നെ നൂതന സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയാണ് വാല്‍ക്കെയ്‌റിനെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ രംഗത്തെത്തിച്ചിരിക്കുന്നത്. ഹൈബ്രിഡ് സിസ്റ്റത്തോട് കൂടിയ 6.5 ലിറ്റര്‍ V12 എന്‍‌ജിനാണ് വാല്‍ക്കെയ്‌റില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഒരുക്കിയിട്ടുള്ളത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാല്‍ക്കെയ്‌റിന് ആവശ്യമായി വരുന്നത് വെറും പത്ത് സെക്കന്റില്‍ താഴെ സമയമാണെന്നാണ് ആസ്റ്റണ്‍ മാര്‍ട്ടിന്റെ വാദം. 
 
മണിക്കൂറില്‍ 402 കിലോമീറ്ററാണ് വാല്‍ക്കെയ്‌റിന്റെ ഉയര്‍ന്ന വേഗത. റെഡ്ബുള്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജിയുടെ പങ്കാളിതത്തോടെയാണ് വാല്‍ക്കെയ്‌റി എന്ന AM-RB 001 ഹൈപ്പര്‍കാറിനെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം, പുറത്തിറങ്ങാനിരിക്കുന്ന വാല്‍ക്കീറിന്റെ 150 മോഡലുകളുടെയും വില്‍പന ഇതിനകം നടന്ന് കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക