കൊവിഡ് കാലത്ത് കേരളത്തിൽ മാത്രം പൂട്ടിയത് ജിഎസ്‌ടി രജിസ്ട്രേഷനുള്ള 20,000 വ്യാപാരസ്ഥാപനങ്ങൾ. പൂട്ടിയ സ്ഥാപനങ്ങൾ രജിസ്ട്രേഷൻ റദ്ദാക്കാനാവശ്യപ്പെട്ട് ജിഎസ്‌ടി വകുപ്പിന് നൽകിയ അപേക്ഷപ്രകാരമുള്ള കണക്കുകളാണിത്. ഇതിൽ ഹോട്ടലുകളാണ് അധികവും.
ഏകദേശം 12,000 ഹോട്ടലുകളാണ് ജിഎസ്‌ടി രജിസ്ട്രേഷൻ റദ്ദാക്കാൻ അപേക്ഷ നൽകിയത്. വിനോദസഞ്ചാരമേഖലകളിലെ വ്യാപാരസ്ഥാപനങ്ങൾ, ചെറുകിട ജൂവലറികൾ, മാളുകൾ കേന്ദ്രീകരിച്ചും അല്ലാതെയും നടത്തുന്ന ബ്രാൻഡഡ് വസ്ത്രശാലകൾ, കരകൗശലവില്പനശാലകൾ എന്നിവയാണ് ബാക്കിയുള്ള സ്ഥാപനങ്ങൾ.
സേവനമേഖലയിൽപ്പെടുന്ന ഹോട്ടലുകൾക്ക് 20 ലക്ഷം വാർഷിക വരുമാനമുണ്ടെങ്കിൽ ജിഎസ്‌ടി രജിസ്ട്രേഷൻ വേണമെന്നാണ് നിയമം. അതിനാൽ മിക്ക ഹോട്ടലുകളും രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. എന്നാൽ കോവിഡ് കാല പരിമിതികൾ ഹോട്ടൽമേഖലയെ തകർത്തു. ഇനിയും നിയന്ത്രണങ്ങൾ തുടർന്നാൽ സംസ്ഥാനത്ത് കൂടുതൽ ഹോട്ടലുകൾ കൂട്ടേണ്ട നിലയിലാണ്. സംസ്ഥാനത്തെ 95 ശതമാനം ഹോട്ടലുകളും വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.