രാജ്യത്തെ ഏറ്റവും വലിയ 10 കമ്പനികളുടെ വിപണി മൂലധനത്തില്‍ കഴിഞ്ഞയാഴ്ച 63,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. പൊതുമേഖലയില്‍ നിന്നുള്ള ആറ് കമ്പനികളുടെയും സ്വകാര്യമേഖലയില്‍ നിന്നുള്ള നാല് കമ്പനികളുടെയും മൊത്തം വിപണിമൂലധനം 10,12,080 കോടി രൂപയായാണ് കുറഞ്ഞത്. തൊട്ട് മുന്‍ ആഴ്ച ഇത് 10,75,484 കോടി രൂപയായിരുന്നു.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്. 21,624 കോടി രൂപയുടെ നഷ്ടമാണ് ആര്‍ഐഎല്‍ നേരിട്ടത്. വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ മാത്രം ആര്‍ഐഎല്ലിന് 10 ശതമാനത്തോളം നഷ്ടം നേരിട്ടു. മൂന്നാഴ്ച മുമ്പ് കമ്പനിയുടെ രണ്ട് ട്രില്യണ്‍ കവിഞ്ഞ വിപണി മൂലധനം ഈയാഴ്ച 1,97,284 കോടിയായി കുറഞ്ഞു. നഷ്ടം നേരിട്ടെങ്കിലും ആര്‍ഐഎല്‍ പട്ടികയില്‍ ഒന്നാമതായി തുടരുന്നു.
എസ്ബിഐ 9,358 കോടി രൂപയുടെ നഷ്ടം നേരിട്ടു. ഇതോടെ ഏറ്റവും വലിയ പൊതുമേഖല ബാങ്കിന്‍റെ സ്ഥാനം ആറില്‍ നിന്ന് ഒമ്പതായി. 66,447 കോടി രൂപയാണ് ഈയാഴ്ചയിലെ ബാങ്കിന്‍റെ മൂലധനം. പൊതുമേഖല സ്ഥാപനങ്ങളായ എന്‍ടിപിസിയ്ക്ക് 4,205 കോടിയും ഒഎന്‍ജിസിക്ക് 6,641 കോടിയും നഷ്ടം സംഭവിച്ചു. ഇരു കമ്പനികളുടെയും വിപണി മൂലധനം യഥാക്രമം 1,46,604 കോടി രൂപയും 1,43,893 കോടി രൂപയുമായി കുറഞ്ഞു.
എംഎംടിസി 5006 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. 72,834 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. ഭെല്ലിന്‍റെ വിപണി മൂലധനം 4,986 കോടി രൂപ ഇടിഞ്ഞ് 66,817 കോടി രൂപയായി. എന്‍എംഡിസിക്ക് 5,828 കോടി രൂപയുടെ ഇടിവ് സംഭവിച്ചു. 60,779 കോടി രൂപയാണ് കമ്പനിയുടെ ഈയാഴ്ചയിലെ വിപണി മൂലധനം.
സ്വകാര്യ ടെലികോം സേവനദാതാക്കളായ ഭാര്‍തി എയര്‍ടെല്ലിന്‍റെ മൂലധനം 1,841 കോടി ഇടിഞ്ഞ് 1,21,952 കോടി രൂപയും ഐടി ഭീമന്‍ ഇന്‍ഫോസിസിന്‍റെത് 4,366 കോടി രൂപ ഇടിഞ്ഞ് 67,483 കോടി രൂപയുമായി. സ്വകാര്യ ദാതാക്കളായ ഐസിഐസിഐയുടെ വിപണി മൂലധനം 10,955 കോടി ഇടിഞ്ഞ് 37,400 കോടി രൂപയായപ്പോള്‍ എച്ച്‌ഡിഎഫ്സിയുടേത് 3,341 കോടി കുറഞ്ഞ് 36,876 കോടി രൂപയായി.
ആദ്യ പത്തില്‍ ഐടിസിക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. 453 കോടി രൂപയുടെ ഉയര്‍ച്ചയാണ് വിപണി മൂലധനത്തില്‍ ഐടിസി നേടിയത്. ഇതോടെ കമ്പനി പട്ടികയില്‍ മൂന്ന് സ്ഥാനം മുന്നേറി ആറാമതായി. വെള്ളിയാഴ്ചത്തെ വ്യാപാരാവസാനത്തില്‍ 67,989 കോടി രൂപയായിരുന്നു ഐടിസിയുടെ വിപണി മൂലധനം.