അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് ഈ വര്‍ഷം 4.7 ബില്യണ്‍ ഡോളറോളം നഷ്ടം സംഭവിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം യാത്രക്കാരിലും ചരക്ക് നീക്കത്തിലും ഗണ്യമായി കുറവ് വന്നതാണ് നഷ്ടത്തിന് കാരണമാവുകയെന്ന് വ്യവസായ സംരംഭമായ ഇന്‍റര്‍ നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഡിസംബറില്‍ ഐഎടിഎ അഭിപ്രായപ്പെട്ടത് 2009ല്‍ വ്യോമഗതാഗത വ്യവസായത്തിന് 2.5 ബില്യണ്‍ ഡോളര്‍ നഷ്ടം സംഭവിക്കുമെന്നാണ്. എന്നാല്‍ സാമ്പത്തിക മാന്ദ്യം കൂടുതല്‍ രൂക്ഷമായി അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ് ഐഎടിഎ തങ്ങളുടെ കണക്കുകള്‍ പുനരവലോകനം ചെയ്തത്. മേഖലയുടെ വരുമാനം 12 ശതമാനം കുറഞ്ഞ് 467 ബില്യണ്‍ ഡോളറാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2001 സെപ്തംബര്‍ 11ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം വ്യോമഗതാഗത മേഖലയിലെ വരുമാനം ഏഴ് ശതമാനത്തോളം കുറഞ്ഞതാണ് ഇതിന് മുമ്പുണ്ടായ ഏറ്റവും വലിയ നഷ്ടം. 2008ല്‍ വിമാനക്കമ്പനികളുടെ നഷ്ടം 8.5 ബില്യണ്‍ ഡോളറായി ഉയരുമെന്നും ഐഎടിഎ അഭിപ്രായപ്പെടുന്നു.
ബ്രിട്ടിഷ് എയര്‍വേസ്, കത്തായ് പസിഫിക് അന്‍ഡ് യുണൈറ്റഡ് എയര്‍ലൈന്‍സ്, എമിറേറ്റ്സ് തുടങ്ങി 230 ആഗോള വിമാനക്കമ്പനികള്‍ ഉള്‍പ്പെടുന്നതാണ് ഐഎടിഎ.