വാഹന വില്‍പന ഉയര്‍ന്നു

വ്യാഴം, 9 ജൂലൈ 2009 (12:47 IST)
രാജ്യത്ത് വാഹന വില്‍പന ഉയര്‍ന്നു. 14 ശതമാനം ഉയര്‍ച്ചയാണ് ജൂണില്‍ വാഹന വില്‍പനയില്‍ അനുഭവപ്പെട്ടത്. 9.17 ലക്ഷം യൂണിറ്റാണ് ജൂണിലെ വില്‍പന. 2008 ജൂണില്‍ ഇത് 8.02 ലക്ഷം ആയിരുന്നു. കാര്‍ വില്‍പനയില്‍ മാത്രം എട്ട് ശതമാനത്തിന്‍റെ ഉയര്‍ച്ചയാണുണ്ടായത്.

1.07 ലക്ഷം യൂണിറ്റാണ് ജൂണിലെ കാര്‍ വില്‍പന. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 99741 യൂണിറ്റായിരുന്നു. മാരുതി തന്നെയാണ് വില്‍പനയില്‍ മുന്നിട്ട് നില്‍ക്കുന്നത്. 12 ശതമാനം (54,693 യൂണിറ്റ്) ഉയര്‍ച്ചയാണ് മാരുതിയുടെ വില്‍പനയില്‍ അനുഭവപ്പെട്ടത്. ഹ്യൂണ്ടായ്, ഹോണ്ട, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ വില്‍പനയിലും ഉയര്‍ച്ചയുണ്ടായി.

സാമ്പത്തിക മാന്ദ്യത്തിന്‍റെ രൂക്ഷത കുറഞ്ഞുവരുന്നതും മണ്‍സൂണ്‍ കാലത്ത് കമ്പനികള്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതുമാണ് വില്‍പന ഉയരാന്‍ കാരണമായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ കാര്‍ വില്‍പന 4.7 ശതമാനം ഉയര്‍ന്നു. 2008 ഏപ്രില്‍ - ജൂണ്‍ കാലത്തെ 3.09 ലക്ഷം യൂണിറ്റില്‍ നിന്ന് 3.23 ലക്ഷം യൂണിറ്റായാണ് ഈ വര്‍ഷം വില്‍പന ഉയര്‍ന്നത്.

മോട്ടോര്‍ സൈക്കിള്‍ വില്‍പനയിലും കാര്യമായ മുന്നേറ്റമുണ്ടായി. ഹീറോ ഹോണ്ടയുടെ വില്‍പന 23 ശതമാനത്തോളം (3.41 ലക്ഷം യൂണിറ്റ്) ഉയര്‍ന്നു. അതേസമയം ബജാജ് ഓട്ടോ, ടിവിഎസ് ഇന്നിവയുടെ വില്‍പനയില്‍ നേരിയ ഇടിവ് സംഭവിച്ചു. സ്കൂട്ടര്‍ വില്‍പനയില്‍ 25 ശതമാനം (1.11 ലക്ഷം യൂണിറ്റ്) ഉയര്‍ച്ചയാണുണ്ടായത്.

വെബ്ദുനിയ വായിക്കുക