വാതക തര്‍ക്കം; കേസ് സപ്തംബര്‍ ഒന്നിലേക്ക് മാറ്റി

തിങ്കള്‍, 20 ജൂലൈ 2009 (15:03 IST)
വാതക വിതരണ തര്‍ക്കം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും റിലയന്‍സ് നാച്ചുറല്‍ റിസോഴ്സസ് ലിമിറ്റഡിനും സുപ്രീംകോടതി നോട്ടീസയച്ചു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി സപ്തംബര്‍ ഒന്നിലേക്ക് മാറ്റി.

വാതക തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മറ്റ് പവര്‍ കമ്പനികളായ ജിഎംആര്‍, ജിവികെ, ഗൌതമി പവര്‍ എന്നിവയ്ക്കും സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്. ആര്‍എന്‍അര്‍എല്ലിന് കുറഞ്ഞ നിരക്കില്‍ വാതകം വിതരണം ചെയ്യുന്നത് കെജി ഫീല്‍ഡില്‍ നിന്നുള്ള വാതക വിതരണത്തെ ബാധിക്കുമെന്ന് ഈ കമ്പനികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഒരു മാസത്തിനകം കരാറില്‍ ഒപ്പുവയ്ക്കണമെന്ന് ആര്‍ഐഎല്ലിനും ആര്‍ഐആര്‍എല്ലിനും നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ ജൂണ്‍ 15ലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇരു കമ്പനികലും തമ്മിലുള്ള കരാര്‍ അസാ‍ധുവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേസ് മൂന്നംഗ ബഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ പറഞ്ഞു.

അതിനിടെ കെജി ബേസിനില്‍ നിന്നും വാതക വിതരണം നടത്തുന്നത് സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും തമ്മിലുള്ള തര്‍ക്കം ദേശീയ താല്‍പര്യത്തെ ഹനിക്കുകയില്ലെന്നും അതിനാല്‍ പെട്രോളിയം മന്ത്രാലയത്തോട് ഇതില്‍ ഇടപെടരുതെന്ന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് അനില്‍ അംബാനി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം ആര്‍ഐഎല്‍ നിരാകരിച്ചിട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തെ സ്വാധീനിക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ വാതക വിതരണം നടത്തരുതെന്ന കരാര്‍ പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ആര്‍ഐഎല്‍ അറിയിച്ചു.

സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാതെ റിലയന്‍സ് നാച്ചുറല്‍ റിസോഴ്സസ് ലിമിറ്റഡിന് വാതകം വില്‍ക്കാനാവില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇന്ധനം ലഭ്യമാക്കാന്‍ പാകത്തിലുള്ള പ്ലാന്‍റുകള്‍ ഇല്ലാത്തതിനാലാണ് എതിര്‍കക്ഷിയുടെ ആവശ്യം നിരാകരിക്കപ്പെട്ടതെന്നും ആര്‍ഐഎല്‍ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക