വനിത സ്വയംസഹായ സംഘങ്ങളുടെ സഹായത്തിനായി ധനകാര്യ സ്ഥാപനം രൂപീകരിക്കണം: ജയറാം രമേശ്

ഞായര്‍, 31 മാര്‍ച്ച് 2013 (12:13 IST)
PRO
PRO
വനിത സ്വയം സഹായ സംഘങ്ങളുടെ സഹായത്തിനായി ധനകാര്യ സ്ഥാപനം രൂപീകരിക്കണമെന്ന് ഗ്രാമവികസന മന്ത്രി ജയറാം രമേശ്. ഇതിനായി നബാര്‍ഡ് മാതൃകയിലുള്ള സ്ഥാപനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവികസന മന്ത്രാലയം ധനമന്ത്രാലയത്തിന് കത്തയച്ചു. ധനകാര്യസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിന് ധനമന്ത്രാലയത്തോടൊപ്പം സഹകരിക്കുമെന്നും ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. എല്ലാ സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെടുത്തി വേണം ധനകാര്യസ്ഥാപനത്തിന്റെ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം. നിലവില്‍,കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് സ്വയം സഹായസംഘങ്ങളും ബാങ്കുകളും തമ്മില്‍ മികച്ച സഹകരണമുള്ളത്. ഈ മാതൃക മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കഴിയണം.

ഗ്രാമവികസന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള ആജീവിക പദ്ധതിയുടെ കണക്കനുസരിച്ച് 7 കോടി കുടുംബങ്ങളാണ് രാജ്യത്തെ 60ലക്ഷത്തോളം സ്വയംസഹായ സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളത്. ഇവയുടെ പ്രവര്‍ത്തനത്തിന് പ്രതിവര്‍ഷം നാല്‍പ്പതിനായിരം കോടി രൂപ വേണ്ടി വരും. നബാര്‍ഡ് മാതൃകയിലുള്ള ധനകാര്യ സ്ഥാപനത്തിന് ഈ തുക സഹായമായി നല്‍കാന്‍ കഴിയുമെന്നും ഗ്രാമവികസന മന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വനിതാ ബാങ്ക പ്രവര്‍ത്തനം തുടങ്ങാനായിരുന്നു ധനമന്ത്രാലയം ലക്ഷ്യമിട്ടത്. ഇതോടൊപ്പം പുതിയ ധനകാര്യസ്ഥാപനവും കൊണ്ടുവരണമെന്നാണ് ഗ്രാമവികസന മന്ത്രാലയത്തിന്റെ ആവശ്യം.

വെബ്ദുനിയ വായിക്കുക