രാജ്യത്തെ കയറ്റുമതി ഉയര്‍ന്നു: ശര്‍മ

തിങ്കള്‍, 11 ജനുവരി 2010 (14:47 IST)
രാജ്യത്തെ കയറ്റുമതി വരുമാനം 14.6 ബില്യന്‍ ഡോളറായി (73000 കോടി രൂപ) ഉയര്‍ന്നതായി വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ. കഴിഞ്ഞ മാസം 66000 കോടി രൂപയായിരുന്നു രാജ്യത്തെ കയറ്റുമതി വരുമാനം. കയറ്റുമതിയില്‍ വീണ്ടും നേട്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു. ബാങ്ക് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

13 മാസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം നവംബറിലാണ് കയറ്റുമതി വരുമാനത്തില്‍ ഉയര്‍ച്ചയുണ്ടായത്. 18.2 ശതമാനം ഉയര്‍ച്ചയാണ് നവംബറില്‍ കയറ്റുമതി വരുമാനത്തില്‍ രേഖപ്പെടുത്തിയത്. കയറ്റുമതി മേഖലയ്ക്ക് അടുത്ത ബജറ്റില്‍ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുന്നതിന് ധനമന്ത്രി പ്രണാബ് മുഖര്‍ജിയുമായി ആനന്ദ് ശര്‍മ കൂടിക്കാഴ്ച നടത്തിയിരുന്നു.
സാമ്പത്തിക മാന്ദ്യം ബാധിച്ച കയറ്റുമതി വിഭാഗങ്ങള്‍ക്കുള്ള ഉത്തേജന പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വാണിജ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൌകര്യ മേഖലയില്‍ 15 ലക്ഷം കോടി രൂപ ചെലവിടുമെന്ന് അദ്ദേഹം അറിയിച്ചു.

വെബ്ദുനിയ വായിക്കുക