രാജ്യത്തെ പ്രമുഖ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നടപ്പു വര്‍ഷത്തിലെ രണ്ടാം പാദ അറ്റാദായത്തില്‍ വന്‍ ഇടിവ്. ജൂലൈ 30ന് അവസാനിച്ച പാദത്തില്‍ 40 ശതമാനത്തിന്‍റെ ഇടിവാണ് അറ്റാദായത്തില്‍ പ്രകടമായിരിക്കുന്നത്. ഇക്കാലയളവില്‍ 303.09 കോടി രൂപയുടെ അറ്റാദായ വരുമാനമാണ് യു ബി ഐ നേടിയത്. മുന്‍ വര്‍ഷം ഈ സമയത്ത് അറ്റാദായം 505.10 കോടി രൂപയായിരുന്നു. ആദ്യപാദത്തില്‍ അറ്റാദായത്തില്‍ മികച്ച മുന്നേറ്റം നടത്തിയിരുന്നു.
അതേസമയം, ബാങ്കിന്റെ മൊത്തം വരുമാനത്തില്‍ 18.64 ശതമാനത്തിന്‍റെ ഉയര്‍ച്ചയുണ്ടായി. 4,461.88 കോടി രൂപയാണ് ബാങ്കിന്‍റെ രണ്ടാം പാദ മൊത്ത വരുമാനം. 2009-2010 സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ - സെപ്റ്റംബര്‍ കാലയളവില്‍ 3,760.9 കോടി രൂപയായിരുന്നു മൊത്ത വരുമാനം.
ആദ്യപാദത്തില്‍ യൂണിയന്‍ ബാങ്കിന്റെ ഓപ്പറേറ്റിംഗ് ചെലവുകള്‍ 50.31 ശതമാനമായി ഉയര്‍ന്ന് 914.85 കോടി രൂപയിലെത്തി. ഇതിനു മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഓപ്പറേറ്റിംഗ് എക്സ്പെന്‍സ് 608.64 കോടി രൂപയായിരുന്നു. രണ്ടാം പാദത്തില്‍ കേന്ദ്രസര്‍ക്കാറില്‍ നിന്ന് യു ബി ഐയ്ക്ക് 111 കോടി രൂപയുടെ മൂലധനം ലഭിച്ചു.