യു‌എസ്:തൊഴിലില്ലായ്മ വര്‍ദ്ധിക്കും

തിങ്കള്‍, 23 ഫെബ്രുവരി 2009 (18:55 IST)
സാമ്പത്തിക പ്രതിസന്ധി ഈ വര്‍ഷം അമേരിക്കയില്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുമെന്നും വിവിധ ഏജന്‍സികള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

7.6 ശതമാനമാണ് നിലവില്‍ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക്. കഴിഞ്ഞ 16 വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്കാണിത്. 2009ല്‍ ഇത് ഒമ്പത് ശതമാനമായി വര്‍ദ്ധിക്കുമെന്നാണ് പ്രമുഖ സാമ്പത്തിക നിരീക്ഷകരായ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് എക്കണോമിക്സ് അഭിപ്രായപ്പെടുന്നത്. അതേസമയം തൊഴിലില്ലായ്മ 10 ശതമാനം വരെ ഉയരുമെന്ന് മറ്റ് ചില പഠന റിപ്പോര്‍ട്ടുകള്‍ അഭിപ്രായപ്പെടുന്നു. 2008ല്‍ 5.8 ശതമാനമായിരുന്നു. കഴിഞ്ഞയാഴ്ച ഫെഡറല്‍ റിസേര്‍വ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടുകളിലും രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പുതിയ റിപ്പോര്‍ട്ട് പ്രകാരം രജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച 1.9 ശതമാനം ഇടിയും. നേരത്തെ 0.2 ശതമാനത്തിന്‍റെ ഇടിവാണ് പ്രതീക്ഷിച്ചിരുന്നത്. 1991ന് ശേഷം ഒരു വര്‍ഷം തുടര്‍ച്ചയായി വളര്‍ച്ച ഇടിയുന്നത് ഇത് ആദ്യമായിരിക്കും. 1982ന് ശേഷം ഇത് ആദ്യമായിട്ടായിരിക്കും വളര്‍ച്ച ഇത്രയും ഇടിയുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പാക്കേജുകള്‍ക്ക് മാന്ദ്യം മറികടക്കാനാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നു. ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളിലായിരിക്കും പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി അനുഭവപ്പെടുക.

വെബ്ദുനിയ വായിക്കുക