അമേരിക്കയില്‍ വീണ്ടും ബാങ്ക് അടച്ചുപൂട്ടല്‍ തുടരുന്നു. ബെല്ലിംഗ്‌ഹാമിലുള്ള ഹൊറിസോണ്‍ ബാങ്കാണ് ഏറ്റവുമൊടുവില്‍ അടച്ചുപൂട്ടിയത്. 2010 ല്‍ പ്രവര്‍ത്തനം മതിയാക്കുന്ന ആദ്യ ബാങ്കാണിത്.
ഹൊറിസോണിന്‍റെ നിക്ഷേപങ്ങള്‍ ഏറ്റെടുക്കാന്‍ വാഷിംഗ്ടണ്‍ ഫെഡറല്‍ സേവിംഗ്സ് ആന്‍റ് ലോണ്‍ അസോസിയേഷന്‍ സമ്മതം മൂളിയിട്ടുണ്ട്. പതിനെട്ട് ശാഖകളാണ് ഹൊറിസോണ്‍ ബാങ്കിന് ഉണ്ടായിരുന്നത്.
കഴിഞ്ഞ സെപ്തംബര്‍ 30ന് ബാങ്ക് സമര്‍പ്പിച്ച കണക്കനുസരിച്ച് 1.3 ബില്യന്‍ ഡോളറിന്‍റെ ആസ്തിയും 1.1 ബില്യന്‍ ഡോളറിന്‍റെ നിക്ഷേപവുമാണ് ബാങ്കിനുള്ളത്. ബാങ്ക് അടച്ചുപൂട്ടിയ ബാധ്യതയില്‍ 539.1 മില്യന്‍ ഡോളര്‍ നഷ്ടം വരുമെന്നാണ് ഇന്‍ഷുറന്‍സ് ഏജന്‍സിയായ ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ കണക്കുകൂട്ടുന്നത്.
യുഎസില്‍ കഴിഞ്ഞ വര്‍ഷം 140 ബാങ്കുകളാണ് തകര്‍ന്നത്. 1992 നു ശേഷം ആദ്യമായാണ് ഇത്രയധികം ബാങ്കുകള്‍ ഒരു വര്‍ഷം പ്രവര്‍ത്തനം മതിയാക്കുന്നത്. അടച്ചുപൂട്ടിയ ബാങ്കുകള്‍ക്കായി 30 ബില്യന്‍ ഡോളറാണ് ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ക്ക് മുടക്കേണ്ടിവന്നത്.
2008 ല്‍ ഇരുപത്തിയഞ്ച് ബാങ്കുകളും സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കഘട്ടമായ 2007ല്‍ മൂന്ന് ബാങ്കുകളുമാണ് അമേരിക്കയില്‍ പൂട്ടിയത്. ഇക്കൊല്ലം കൂടുതല്‍ ബാങ്കുകള്‍ അടച്ചുപൂട്ടുമെന്നാണ് സാമ്പത്തീക വിദഗ്ധരുടെ വിലയിരുത്തല്‍.