രാജ്യത്തെ മൊബൈല്‍ വരിക്കരുടെ എണ്ണം കുതിക്കുകയാണ്. വിവിധ ടെലികോം സേവനദാതാക്കളിലൂടെ മെയ് മാസത്തില്‍ 16.3 ദശലക്ഷം അധിക മൊബൈല്‍ വരിക്കാരെയാണ് ലഭിച്ചത്. ഇതോടെ ഇന്ത്യയിലെ മൊത്തം മൊബൈല്‍ വരിക്കാരുടെ എണ്ണം 653.93 ദശലക്ഷമായി ഉയര്‍ന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) അറിയിച്ചു.
പുതിയ കണക്കുകള്‍ പ്രകാരം വയര്‍ലസ് വരിക്കാരുടെ എണ്ണം ഏപ്രില്‍ അവസാനത്തില്‍ 601.22 ദശലക്ഷമായിരുന്നു എങ്കില്‍ മെയ് മാസം അവസാനത്തില്‍ ഇത് 617.53 ദശലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. ഇത് 2.71 ശതമാനത്തിന്റെ മുന്നേറ്റമാണ് കാണിക്കുന്നത്. രാജ്യത്തെ ടെലിഡെന്‍സിറ്റി 55.38 ശതമാനത്തിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വരിക്കാരുടെ എണ്ണത്തില്‍ ഭാരതി എയര്‍ടെല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. രാജ്യത്തെ ഒന്നാം നമ്പര്‍ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ മെയ് മാസത്തില്‍ മാത്രം മൂന്നു ദശലക്ഷം അധിക വരിക്കാരെ നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതൊടെ കമ്പനിയുടെ മൊത്തം വരിക്കരുടെ എണ്ണം 133.6 ദശലലക്ഷമായി ഉയര്‍ന്നു.
ലോകത്തെ മുന്‍നിര ടെലികോം കമ്പനിയായ വൊഡാഫോണിന് ഇന്ത്യയില്‍ മെയ് മാസത്തില്‍ 2.59 ദശലക്ഷം അധികവരിക്കാരെ ലഭിച്ച് മൊത്തം വരിക്കാരുടെ എണ്ണം 106.3 ദശലക്ഷമായി ഉയര്‍ന്നു.