ബുര്‍ജ് ദുബായ് ഇന്ന് തുറക്കും

തിങ്കള്‍, 4 ജനുവരി 2010 (10:00 IST)
PRO
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബായ് ഇന്ന് തുറക്കും. 800 മീറ്റര്‍ ഉയര്‍ത്തിലുളള കെട്ടിടത്തില്‍ 160 നിലകളാണുളളത്. യുഎഇ വൈസ്‌ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂമാണ്‌ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക.

നേരത്തെ യു എ ഇയുടെ മുപ്പത്തിയെട്ടാം ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്.
വിവിധയിനം കണ്ണാടികള്‍ കൊണ്ട് അലങ്കരിച്ച കെട്ടിടത്തിന് 162 നിലകളാണുള്ളത്. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന എലിവേറ്റര്‍ സംവിധാനവും കെട്ടിടത്തിലുണ്ട്. സൂര്യപ്രകാശം കണ്ണാടികളില്‍ തട്ടി പ്രതിഫലിക്കുമ്പോഴുണ്ടാവുന്ന ഈ സൌന്ദര്യം ഗോപുരത്തെ ദുബായിയുടെ കയ്യൊപ്പാക്കി മാറ്റും.
ഡൌണ്‍‌ടൌണ്‍ ദുബായ് പദ്ധതി മേഖലയില്‍ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്‍റെ ഭാഗമായി എമ്മാര്‍ പ്രോപ്പര്‍ട്ടീസ് 2004 സെപ്റ്റംബര്‍ 21നാണ് കെട്ടിടത്തിന്‍റെ പണി ആരംഭിച്ചത്. ഏകദേശം 12,000 ആളുകളാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിനായി ദിവസവും ജോലി ചെയ്തത്. നൂറ് രാജ്യങ്ങളില്‍ നിന്ന്ഉള്ള 160 കമ്പനികളാണ് നിര്‍മ്മാണത്തില്‍ പങ്കാളികളായത്. ദുബായിയുടെ പ്രോപ്പര്‍ട്ടി മേഖല ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയില്‍ അകപ്പെടുന്നതിന് മുമ്പ് തന്നെ ബുര്‍ജ് ദുബായിയുടെ എല്ലാ യൂണിറ്റുകളും വില്‍‌പന നടത്തിയിരുന്നു.

കാനഡയിലെ ടൊറന്റോയിലെ സിഎന്‍ ടവര്‍ (535.33 മീറ്റര്‍), അമേരിക്കയിലെ ഷിക്കാഗോയിലുള്ള വില്ലിസ്‌ ടവര്‍ (527.3 മീറ്റര്‍), തയ്‌വാനിലെ തായ്പേയ്‌ 101 (509.2 മീറ്റര്‍), മലേഷ്യയിലെ പെട്രോനാസ്‌ ടവര്‍ (451.9 മീറ്റര്‍) എന്നിവയാണ് ഇപ്പോള്‍ ബുര്‍ജ് ദുബായിക്ക് പിന്നിലുള്ള ഉയരം കൂടിയ കെട്ടിടങ്ങള്‍.

വെബ്ദുനിയ വായിക്കുക