കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് മുന്‍കൂട്ടിയുള്ള അറിയിപ്പ് കൂടാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്നു യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കമ്പനിയുടമ വിജയ് മല്യ മാപ്പു ചോദിച്ചു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. റദ്ദാക്കിയ ഫ്ലൈറ്റുകളില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ക്ക് പകരം ബുക്കിംഗ് ഏര്‍പ്പാടാക്കുകയോ പണം മടക്കി നല്‍കുകയോ ചെയ്യുമെന്നാണ് മല്യ പറയുന്നത്.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വിമാനക്കമ്പനി അടച്ചുപൂട്ടില്ലെന്നും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ആരോടും രക്ഷാപാക്കെജ് ചോദിച്ചിട്ടില്ലെന്നും മല്യ വെളിപ്പെടുത്തി. രക്ഷാപാക്കെജ് മാധ്യമസൃഷ്ടി മാത്രമാണ്. പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ ബാങ്കുകളോടു സഹായം അഭ്യര്‍ഥിച്ചു. കിംഗ്ഫിഷറില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.