പ്രമുഖ യുഎസ് പത്രങ്ങള്‍ വാക്പോരില്‍

ബുധന്‍, 25 ഫെബ്രുവരി 2009 (15:36 IST)
പ്രമുഖ യുഎസ് പത്രങ്ങളായ ന്യൂയോര്‍ക്ക് ടൈംസും വാള്‍ സ്ട്രീറ്റ് ജേര്‍ണലും പരസ്പരം വാക്പോര് തുടങ്ങി. പരിധിയില്‍ കവിഞ്ഞ ഇളവുകള്‍ നല്‍കി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ സര്‍ക്കുലേഷന്‍ നിലനിര്‍ത്തുന്നതായാണ് ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നത്.

ക്രമാതീതമായ ഇളവുകളാണ് ജേര്‍ണല്‍ നല്‍കുന്നതെന്നും റൂപര്‍ട്ട് മര്‍ഡോക്ക് ടൈംസ് ഏറ്റെടുത്തതിന് ശേഷം ജേര്‍ണല്‍ ഈ സര്‍ക്കുലേഷന്‍ തന്ത്രം വര്‍ദ്ധിപ്പിച്ചതായും ടൈംസ് ആരോപിക്കുന്നു. എന്നാല്‍ തങ്ങളുടെ സര്‍ക്കുലേഷന്‍ സംബന്ധിച്ച് വായനക്കാര്‍ക്കിടയില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കാനാണ് ടൈംസ് ശ്രമിക്കുന്നതെന്ന് ജേര്‍ണല്‍ തിരിച്ചടിച്ചു.

എല്ലാ പത്രങ്ങളും ചെയ്യുന്നതുപോലുള്ള ഇളവുകളാണ് തങ്ങളും നടത്തിയിട്ടുള്ളതെന്ന് ജേര്‍ണല്‍ വിശദീകരിച്ചു. അതേസമയം 2008ല്‍ ഇളവുകള്‍ നല്‍കുന്നതില്‍ നിന്ന് പത്രം പിന്‍മാറിയതായും 40 ശതമാനത്തോളം വില ഉയര്‍ത്തിയതായും ജേര്‍ണല്‍ വ്യക്തമാക്കി. വില ഉയര്‍ത്തിയതിന് ശേഷവും പത്രത്തിന്‍റെ സര്‍ക്കുലേഷന്‍ കൂടിയതായി ജേര്‍ണല്‍ അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷം സര്‍ക്കുലേഷനില്‍ നിന്നുള്ള വരുമാനം ഒമ്പത് ശതമാനം ഉയര്‍ന്നതായും പത്രം അറിയിച്ചു.

വെബ്ദുനിയ വായിക്കുക