പെട്രോളിന് 24.7 കിലോമീറ്റര്‍ മൈലേജുമായി പുതിയ രൂപത്തില്‍ ഓൾട്ടോ 800 വിപണിയില്‍!

വെള്ളി, 20 മെയ് 2016 (13:51 IST)
മാരുതിയുടെ ജനപ്രിയ ഹാച്ച് ഓള്‍ട്ടോ മുഖം മിനുക്കി വിപണിയിലെത്തി. പഴയ ഓൾട്ടോ 800ല്‍ ലഭ്യമാകുന്നതിനേക്കാള്‍ കൂടുതൽ മൈലേജുമായാണ് പുതിയ കാർ എത്തിയിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു. ഒരു ലിറ്റർ പെട്രോളിന് 24.7 കിലോമീറ്റര്‍ മൈലേജ് ഓൾട്ടോയ്ക്ക് ലഭ്യമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. മുന്‍വശങ്ങളിലും പിറകിലും ഉൾഭാഗത്തും ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഓൾട്ടോ 800 എത്തിയിട്ടുള്ളത്.
 
പുതിയ ഗ്രില്ലുകൾ, ഹെ‍ഡ്‌ലാമ്പ്, പുതുക്കിയ മുൻ-പിൻ ബമ്പർ എന്നിവയാണ് കാറിന്റെ പ്രധാന പ്രത്യേകത. പഴയ മോഡലിനെക്കാൾ 35 എംഎം നീളവും കാറിന് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് പുതിയ കളറുകളുമായാണ് ഓള്‍ട്ടോ എത്തുന്നത്. എൻജിനിൽ കാര്യമായ മാറ്റങ്ങളില്ല. 796 സി സി അഞ്ച് സ്പീഡ് ഗിയർബോക്സ് തന്നെയാണ് ഈ കാറിനുള്ളത്. 6000 ആർ പി എമ്മിൽ 47.65 പി എസ് കരുത്തും 3500 ആർ പി എമ്മിൽ 69 എൻ എം ടോർക്കുമാണ് എൻജിന്റെ ശേഷി.
 
അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ കൂടാതെ എ എം ടി വകഭേദവും പുതിയ ഓൾട്ടോയിലുണ്ടാകും. 2.59 ലക്ഷം മുതൽ 3.46 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വിലകൾ. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക