നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ

തിങ്കള്‍, 26 ജൂലൈ 2010 (10:02 IST)
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കുന്നു. നാണ്യപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആര്‍ ബി ഐ വായ്പാനിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാചയാണു വായ്പാ അവലോകനം ചെയ്യുന്നത്.

പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വര്‍ധിക്കുന്ന നാണ്യപ്പെരുപ്പവും ഭക്‍ഷ്യവില വര്‍ധനയും ചര്‍ച്ചയ്ക്ക് വന്നേക്കുമെന്നാണ് കരുതുന്നത്. ഇത്തരമൊരു പ്രതിസന്ധി മറിക്കടക്കാന്‍ നിരക്കു വര്‍ധനയല്ലാതെ മറ്റു വഴികളില്ലെന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം കഴിഞ്ഞ ആഴ്ചയില്‍ ഭക്‍ഷ്യവില സൂചിക നേരിയ നിരക്കില്‍ കുറഞ്ഞതും ആശ്വാസമായിട്ടുണ്ട്.

ജൂലൈ പത്തിന് അവസാനിച്ച വാരം ഭക്‍ഷ്യവില സൂചിക 12.47 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍, നാണ്യപ്പെരുപ്പം ഇപ്പോഴും 10.55 ശതമാനത്തില്‍ തുടരുകയാണ്. ജൂണില്‍ ആര്‍ ബി ഐ കാല്‍ശതമാനം നിരക്കു വര്‍ധിപ്പിച്ചിരുന്നു. നിരക്ക് വര്‍ധന ആവശ്യമെന്നു പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ സമിതി ആര്‍ ബി ഐയോടു നിര്‍ദേശിച്ചിട്ടുമുണ്ട്.

റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ 25 പോയിന്‍റ് വര്‍ധന വരുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാല്‍, ചെറിയ തോതിലുള്ള നിരക്കു വര്‍ധനവേ ഉണ്ടാകൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക