നാനോ അടുത്ത ആഴ്ച കടല്‍‌കടക്കും

വ്യാഴം, 7 ജനുവരി 2010 (11:24 IST)
PRO
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാ‍റുകളിലൊന്നായ നാനോ അടുത്ത ആഴ്ച കടല്‍ കടക്കുന്നു. അമേരിക്കയിലെ വാഹനപ്രേമികളെ ലക്‍ഷ്യം വെച്ചാണ് നാനോ അക്കരെ കടക്കാന്‍ തയ്യാറെടുക്കുന്നത്. ഇതിന്‍റെ ആദ്യപടിയായി ജനുവരി പതിന്നാലിന് ഡിട്രോയിറ്റിലെ സയന്‍സ് സെന്‍ററില്‍ നാനോ പ്രദര്‍ശിപ്പിക്കും.

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ ടെക്‍നോളജീസിന്‍റെ നേതൃത്വത്തിലാണ് നാനോ പ്രദര്‍ശിപ്പിക്കുക. അമേരിക്കന്‍ വാഹനപ്രേമികള്‍ക്ക് നാനോയെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാനായി കാറിന്‍റെ ഗുണഗണങ്ങള്‍ വിശദീകരിക്കാനുള്ള സൌകര്യം മിഷിഗണിലുള്ള ടാറ്റ ടെക്നോളജീസ് ആസ്ഥാനത്തും ഒരുക്കിയിട്ടുണ്ട്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നാനോ അമേരിക്കയില്‍ അവതരിപ്പിക്കുമെന്ന് ടാറ്റ ചെയര്‍മാന്‍ രത്തന്‍ ടാറ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നാനോ മറ്റു വിദേശരാജ്യങ്ങളിലും അവതരിപ്പിക്കുന്ന കാര്യം സജീവപരിഗണനയിലാണെന്നും അദ്ദേഹം സൂചന നല്‍കിയിരുന്നു.

ഇതിന്‍റെ മുന്നോടിയായിട്ടാണ് നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാനോയെപ്പോലുള്ള വില കുറഞ്ഞ കാറുകള്‍ക്ക് വിദേശ രാജ്യങ്ങളിലും സ്വീകാര്യത ലഭിക്കുമെന്ന വിലയിരുത്തലിലാണ് കമ്പനി.

വെബ്ദുനിയ വായിക്കുക