നാനോയ്ക്ക് സ്വീകാര്യത നഷ്‌ടപ്പെടുന്നു

വെള്ളി, 25 ഫെബ്രുവരി 2011 (16:21 IST)
WD
ടാറ്റ മോട്ടോഴ്‌സിന്റെ നാനോ കാറുകള്‍ ജനസ്വീകാര്യതയില്‍ പിന്നാക്കം പോവുന്നു. ഉപഭോക്താക്കളുടെ ഇഷ്ടം പിടിച്ച് പറ്റുന്നതില്‍ നാനോ കാറുകള്‍ പരാജയപ്പെടുന്നതായി പഠനം തെളിയിക്കുന്നു. 2010 ലെ ‘ഫോര്‍-വീലര്‍ ടോട്ടല്‍ കസ്‌റ്റമര്‍ സാറ്റിസ്ഫാക്ഷന്‍' (ടിസിഎസ്) നടത്തിയ സര്‍വെയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചെറുകാറുകളുടെ പട്ടികയില്‍ ഏറ്റവും പിന്നിലായി മാത്രമേ നാനോയ്ക്ക് ഇടം നേടാനായുള്ളൂ.

ടിഎന്‍എസ് ഓട്ടോമോട്ടീവ്സ് ആണ് സര്‍വെ നടത്തിയത്. മാരുതി സുസുകി പുറത്തിറക്കിയ ആള്‍ട്ടോയാണ് സര്‍വേയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഓംനി, മാരുതി 800 എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി‍. എം എസ് ഐയുടെ സെന്‍ എസ്ടിലോയും മുന്‍പന്തിയില്‍ സ്ഥാനം നേടിയിട്ടുണ്ട്. ടൊയോട്ട കൊറോള ആള്‍ടിസ്, വി ഡബ്‌ളിയൂ പസാറ്റ്, ടൊയോട്ട ഇന്നോവ, മഹീന്ദ്രാ സ്കോര്‍പ്പിയോ എന്നിവ വിവിധ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി.

നാനോ ഉടമകള്‍ നിര്‍മ്മാണ വൈദഗ്ദ്ധ്യത്തിലാണ് കൂ‍ടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നും എന്നാല്‍ പഠനത്തില്‍ മുന്നിലെത്തിയ മറ്റു കാറുകള്‍ സര്‍വീസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇവരെ വ്യത്യസ്ഥരാക്കുന്നതെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.

നാനോ കാറുകള്‍ പെട്ടെന്ന് തീപിടിക്കുന്നതായി പലകോണുകളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ അധിക സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥാപിക്കാനായി കാറുകള്‍ പിന്‍‌വലിക്കാന്‍ കമ്പനി തയ്യാറായിരുന്നു. കാറ്റലിറ്റിക് കണ്‍‌വെര്‍ട്ടറുകള്‍ക്ക് കവര്‍ ടൂള്‍ ഏര്‍പ്പെടുത്താനും ഇലക്ട്രിക്കല്‍ കോമ്പണന്‍റുകളില്‍ ഫ്യൂസ് ഘടിപ്പിക്കാനുമാണ് ഇതെന്നുംകമ്പനി സി‌ഇ‌ഒ വ്യക്തമാക്കിയിരുന്നു.

നിര്‍മ്മാണം കുറ്റമറ്റതാണെന്ന് കണ്ടെത്തിയതിന് ശേഷവും ഇവയ്ക്കു തീ പിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 31. മീറ്റര്‍ നീളവും 1.5 മീററര്‍ വീതിയും 1.6 മീററര്‍ ഉയരവുമുള്ള നാനോ ഇന്ത്യയിലെ ഏറ്റവും പുറം വലിപ്പം കുറഞ്ഞ കാറാണ്‌. 2009 മാര്‍ച്ചിലാണ് ടാറ്റ നാനോ കാര്‍ പുറത്തിറക്കിയത്. നാനോയ്ക്ക് 90 ശതമാനം വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയും കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വിലകൂടിയ കാറുകള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്ന ആളുകള്‍ ഇന്ത്യയില്‍ കൂടിവരുന്നതായി സര്‍വെ സൂചിപ്പിക്കുന്നു. എന്നാല്‍, കാര്‍ വാങ്ങിയതിന് ശേഷമുള്ള കമ്പനികളുടെ സേവനത്തിലും പലരും സന്തുഷ്‌ടരല്ല. 56 വിവിധ മോഡലുകള്‍ ഉപയോഗിക്കുന്ന 9300 പേരിലാണ് സര്‍വേ നടത്തിയത്.

വെബ്ദുനിയ വായിക്കുക