നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രമുഖ ഗവേഷണ സ്ഥാപനമായ നാഷണല്‍ കൌണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കോണമിക് റിസേര്‍ച്ച് (എന്‍സിഎഇആര്‍) അഭിപ്രായപ്പെടുന്നു. ആഭ്യന്തര ഉപഭോഗം ഉയര്‍ന്നതും അടിസ്ഥാന സൌകര്യ വികസന മേഖലയില്‍ കൂടുതല്‍ ധനവ്യയം നടക്കുന്നതുമാണ് വളര്‍ച്ചയെ സ്വാധീനിക്കുക.
നേരത്തെ 2009-10 വര്‍ഷം 6.5 - 6.9 ശതമാനം വരെ വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് സ്ഥാപനം പ്രവചിച്ചിരുന്നത്. സര്‍ക്കാരിന്‍റെ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ വ്യവസായ മേഖലയുടെ ഉണര്‍വിന് കാരണമായതായി എന്‍സിഎഇആര്‍ ചൂണ്ടിക്കാട്ടുന്നു.
ആഗോള സാമ്പത്തിക മാന്ദ്യം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ രാജ്യത്തിന്‍റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷം 6.7 ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. അതേസമയം വ്യാവസായിക വളര്‍ച്ചയില്‍ നടപ്പ് വര്‍ഷത്തിന്‍റെ ആദ്യമാസങ്ങളില്‍ ഉണര്‍വ് കാണുന്നുണ്ട്.
നാണയപ്പെരുപ്പത്തില്‍ പെട്ടന്നൊരു ഉയര്‍ച്ച ഉണ്ടാവില്ലെന്ന് എന്‍സിഎഇആര്‍ അഭിപ്രായപ്പെടുന്നു. 2010 മാര്‍ച്ചില്‍ നാണയപ്പെരുപ്പം 3.7 ശതമാനമാകുമെന്നാണ് സ്ഥാപനം വിലയിരുത്തുന്നത്. നിലവില്‍ -1.54 ആണ് നാണയപ്പെരുപ്പം. തുടര്‍ച്ചയായ ഏഴാം ആഴ്ചയാണ് രാജ്യത്ത് നാണ്യ ശോഷണം നിലനില്‍ക്കുന്നത്.