അടിസ്ഥാനസൌകര്യങ്ങള്‍ തൊട്ട് തൊഴിലവസരം വരെയുള്ള വിവിധ ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ നഗരങ്ങളില്‍ ബാംഗ്ലൂരിനും മൈസൂരിനുമാണ് ഒന്നും രണ്ടും സ്ഥാനമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ മൂന്നാം സ്ഥാനമുള്ള ഇന്ത്യയിലാണ് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഇരുപത് നഗരങ്ങളില്‍ കാല്‍ഭാഗവും. എന്നാല്‍, ലോക നിലവാരവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഈ നഗരങ്ങള്‍ വേണ്ടത്ര വളര്‍ച്ച നേടുന്നില്ലെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും മികച്ച സൌകര്യങ്ങളുള്ള നഗരങ്ങളില്‍ ഒന്നാം സ്ഥാനം ബാംഗ്ലൂരിനാണെങ്കില്‍ അടുത്തുള്ള സ്ഥാനങ്ങള്‍ ഇപ്രകാരമാണ്. മൈസൂര്‍ രണ്ട്, പൂനെ മൂന്ന്, ഹൈദരാബാദ് നാല്. തലസ്ഥാന നഗരമായ ന്യൂഡല്‍ഹിക്ക് എട്ടാം സ്ഥാനമാണുള്ളത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈക്ക് ഇരുപത്തിയൊന്നാം സ്ഥാനം മാത്രമാണുള്ളത്.
ഇന്ത്യയിലെ നഗരങ്ങളിലെ മോശം അവസ്ഥയെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്ത്യയിലെ മികച്ച 200 നഗരങ്ങളില്‍ എടുത്താല്‍ വെറും 50 നഗരങ്ങളില്‍ മാത്രമാണ് കാര്‍ ഷോറൂമുകള്‍ ഉള്ളത്. ഇരുപത് നഗരങ്ങളില്‍ മാത്രമാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്ളത്. 130-ഓളം നഗരങ്ങളില്‍ ഇപ്പോഴും സൂപ്പര്‍ മാര്‍ക്കറ്റുകളോ ഹൈപ്പര്‍ മാര്‍ക്കറ്റുകളോ ഇല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത ഇരുപത് വര്‍ഷത്തില്‍ ഇന്ത്യന്‍ നഗരങ്ങള്‍ അഭൂതപൂര്‍വമായ വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ചൈനയിലൊഴിച്ച് മറ്റെവിടെയുമില്ലാത്ത വന്‍ വളര്‍ച്ച അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുണ്ടാകുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യ 2030-തോടെ 590 ദശലക്ഷം കവിയും എന്നാണ് കരുതപ്പെടുന്നത്. ഏകദേശമിത് അമേരിക്കയുടെ ഇപ്പോഴുള്ള ജനസംഖ്യയുടെ രണ്ടിരട്ടിയോളമാണ്. എങ്കിലും സൌകര്യങ്ങളുള്ള നഗരങ്ങളുടെ കാര്യത്തില്‍ ഇന്ത്യയെ ചൈന കടത്തിവെട്ടും.
വളര്‍ന്നുവരുന്ന നഗരങ്ങളില്‍ അടിസ്ഥാന സൌകര്യം ഏര്‍പ്പെടുത്തുന്നതിന് ഇന്ത്യ ചെലവഴിക്കുന്ന തുകയുടെ ആറിരട്ടിയോളമാണ് ചൈന ചെലവഴിക്കുന്നത്. ഇതാണ് ചൈനയുടെ ബലം. നഗരങ്ങളില്‍ അടിസ്ഥാന സൌകര്യം ഏര്‍പ്പെടുത്തുന്നതിന് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ സാമ്പത്തിക വളര്‍ച്ച രണ്ട് പോയിന്റ് കണ്ട് കൂടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എന്തായാലും, രാജ്യത്തിലെ നഗരങ്ങളില്‍ മികച്ച സൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്താന്‍ പോകുന്ന കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 2012-17 കാലഘട്ടത്തില്‍ നടപ്പാക്കപ്പെടുന്ന അടുത്ത പഞ്ചവത്സര പദ്ധതിയില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് മാത്രമായി സര്‍ക്കാര്‍ ഏകദേശം 1 ട്രില്യണ്‍ ഡോളര്‍ വരുന്ന തുക വിലയിരുത്തും.