തട്ടിപ്പിന്റെ പുതിയ രൂപം; മലയാളിയെ പറ്റിക്കാന്‍ അസമില്‍നിന്നും സ്വര്‍ണനാക്കും

ബുധന്‍, 8 മെയ് 2013 (17:19 IST)
PRO
എന്തും അന്ധമായി വിശ്വസിക്കുന്നവരാണ് മലയാളികള്‍. മലയാളികളുടെ ഈ ദിവ്യ വസ്തുക്കളിലുള്ള അമിത വിശ്വാസം മുതലെടുക്കാന്‍ അസാമില്‍ നിന്നുപോലും തട്ടിപ്പുകാരെത്തുന്നു.

നാഗമാണിക്യം, ഇരുതലമൂരി എന്നിവയുടെ കാലം കഴിഞ്ഞു ഇപ്പോള്‍ സ്വര്‍ണനാക്കാണ് താരം. സ്വര്‍ണ നാക്കെന്നു പറഞ്ഞ്‌ പിത്തള നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ച അസാം സ്വദേശികള്‍ കോട്ടയത്ത് പിടിയില്‍.

ആറുമാനൂര്‍ പ്രദേശത്ത്‌ ജോലിക്കെത്തിയ അസാം ഗോഹട്ടി സ്വദേശികളായ കമാലുദീന്‍ (22), മുഹമ്മദ്‌ ഫൈസല്‍ ഇസ്ലാം (23) എന്നിവരാണ്‌ അറസ്റ്റിലായത്‌. സ്വര്‍ണമെന്നു പറഞ്ഞ്‌ കബളിപ്പിച്ചത്‌ മുക്കാല്‍ കിലോഗ്രാം തൂക്കമുള്ള പിച്ചളയായിരുന്നുവെന്ന്‌ വ്യക്തമായി.

ആറുമാനൂര്‍ സ്വദേശിയെ കബളിപ്പിച്ച്‌ ഏഴു ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു അസാം സ്വദേശികളുടെ ശ്രമം. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്. പിടിയിലായവര്‍ ഒന്നര വര്‍ഷമായി ആറുമാനൂര്‍ മേഖലയില്‍ കൂലിപ്പണി ചെയ്തു വരികയായിരുന്നു.

ഇവര്‍ സ്ഥിരമായി ബിനീഷ്കുമാറിന്റെ സ്റ്റേഷനറി കടയില്‍ നിന്നാണ്‌ സാധനങ്ങള്‍ വാങ്ങുന്നത്‌. ഒരാഴ്ച മുന്‍പാണ്‌ ദിവ്യ ശക്തിയുള്ള സ്വര്‍ണ നാക്കിനെക്കുറിച്ച്‌ ബിനിഷ്കുമാറിനോട്‌ പറഞ്ഞത്‌.

അസാമില്‍ പ്രത്യേക പൂജ നടത്തി സൂക്ഷിക്കുന്ന സ്വര്‍ണ നാക്കിന്‌ പല വിധത്തിലുള്ള ശക്തികളുണെടെന്ന്‌ ഇവര്‍ ധരിപ്പിച്ചു. നാക്ക്‌ ഇരിക്കുന്ന വീട്ടില്‍ ഐശ്വര്യമുണ്ടാകുമെന്നും ധനം പെരുകുമെന്നുമായിരുന്നു ഇവര്‍ വിശ്വസിപ്പിച്ചത്‌.

ഏഴു ലക്ഷം രൂപ തന്നാല്‍ നാക്ക്‌ നല്‍കാമെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവര്‍ സ്വര്‍ണ നാക്ക്‌ കാണിച്ചു. സ്വര്‍ണമാണെന്നു വിശ്വസിക്കാന്‍ ഒരു കത്തിയെടുത്ത്‌ നാക്കില്‍ നിന്ന്‌ ചെറിയൊരു കഷണം മുറിച്ചു.

മുറിച്ച കഷണം മാറ്റിയ ശേഷം ഇവര്‍ കൈവശം കരുതിയിരുന്ന സ്വര്‍ണത്തിന്റെ ഒരു കഷണം ബിനീഷിനെ കാണിച്ചു. അത്‌ സ്വര്‍ണമാണെന്നു ബോധ്യപ്പെട്ടതോടെ കച്ചവടം ഉറപ്പിച്ചു.

ഏഴു ലക്ഷം വേണമെന്ന്‌ അസാം സ്വദേശികള്‍ ആവശ്യപ്പെട്ടു. അഞ്ചു ലക്ഷമാണെങ്കില്‍ വാങ്ങാമെന്ന്‌ ബിനിഷ്‌ പറഞ്ഞു. ഇതിനിടെയാണ്‌ ഇതൊരു തട്ടിപ്പാണോ എന്ന്‌ ബിനീഷ്‌ സംശയിച്ചത്‌.

തുടര്‍ന്നാണ്‌ പൊലീസില്‍ വിവരം അറിയിച്ചത്‌. ഇന്നലെ ഏറ്റുമാനൂരില്‍ സ്വര്‍ണ നാക്കുമായി വരാന്‍ ബിനിഷ്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ അസാം സ്വദേശികള്‍ എത്തിയപ്പോഴാണ്‌ പൊലീസ്‌ വിരിച്ച വലയില്‍ വീണത്‌.

ആക്രി കടയില്‍ നിന്നു വാങ്ങിയ പിച്ചള ഉരുക്കിയാണ്‌ നാക്ക്‌ ഉണ്ടാക്കിയതെന്ന്‌ പ്രതികള്‍ സമ്മതിച്ചു. ഇതിനുള്ള അച്ച്‌ ഉണ്ടാക്കിയത്‌ ഇഷ്ടിക ഉപയോഗിച്ചാണെന്നും നിര്‍മാണം നടന്നത്‌ അസാമില്‍ വച്ചാണെന്നും പ്രതികള്‍ മൊഴി നല്‍കി.

എഎസ്‌ഐ ചാക്കോ, സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍ റെജി, സിവില്‍ പൊലീസ്‌ ഓഫീസര്‍മാരായ ബിജുമോന്‍, ഷിബുക്കുട്ടന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക