രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാണക്കമ്പനികളില്‍ ഒന്നായ ടാറ്റായുടെ നാനോക്ക് ഡീസല്‍ മോഡല്‍ ഇറങ്ങുന്നു. 2011 ആഗസ്റ്റിലോ സെപ്തംബറിലോ ഡീസല്‍ മോഡല്‍ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ഡീഎസല്‍ മോഡലിന് 600 - 700 സിസി ശേഷിയാണ് ഉണ്ടാവുക. എന്നാല്‍ ഇപ്പോള്‍ വിപണിയിലുള്ള പെട്രോള്‍ മോഡലിനേക്കാള്‍ ഇതിന് വില കൂടുതലായിരിക്കും. 1.8 ലക്ഷം തൊട്ട് 2.2 ലക്ഷം വരെയായിരിക്കും ഇതിന്റെ വിലയെന്ന് മോട്ടോമൊബൈല്‍ വിദഗ്ധര്‍ പറയുന്നു.
നാനോയുടെ ഡീസല്‍ മോഡല്‍ മുമ്പുതന്നെ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ മാവോയിസ്റ്റുകളും മമതയും കൂടി നടത്തിയ പ്രക്ഷോഭത്തില്‍, പശ്ചിമബംഗാളിലെ സിംഗൂരില്‍ നിന്ന് ടാറ്റയ്ക്ക് കെട്ടുകെട്ടേണ്ടി വന്നതാണ് ഡീസല്‍ മോഡല്‍ വൈകിപ്പിച്ചത്. ഗുജറാത്തിലുള്ള സാനന്ദിലെ ടാറ്റയുടെ ഫാക്‌ടറിയിലാണ് ഡീസല്‍ മോഡല്‍ തയ്യാറാകുന്നത്.
പെട്രോള്‍ നാനോ മോഡലിന്റെ വില്‍പന ഇടിഞ്ഞുകൊണ്ടിരിക്കുന്നതാണ് ടാറ്റയെ വേറിട്ട് ചിന്തിപ്പിച്ചത്. നവംബര്‍ മാസത്തില്‍ വെറും 500 നാനോയാണ് രാജ്യമൊട്ടാകെ വിറ്റഴിഞ്ഞത്. തുടര്‍ന്ന് ടാറ്റാ ഡീലര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുകയും ഡിസംബറില്‍ 6,000 നാനോ കാറുകള്‍ വിറ്റുപോവുകയും ചെയ്തു.
കുറഞ്ഞ വിലയില്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന കാറുകളില്‍ ഒന്നുപോലും ഡീസല്‍ ഉപയോഗിക്കുന്നവയല്ല എന്നത് ശ്രദ്ധേയമാണ്. ‘എ’ വിഭാഗത്തിലും (മാരുതി 800, നാനോ മോഡലുകള്‍) ‘എ+’ വിഭാഗത്തിലും (ആള്‍ട്ടോ പോലുള്ള മോഡലുകള്‍) ഇപ്പോള്‍ ഡീസല്‍ കാറുകള്‍ ലഭ്യമല്ല. ഈ വിടവ് നികത്താനാണ് നാനോയുടെ ഡീസല്‍ മോഡല്‍ എത്തുന്നത്. തകര്‍പ്പന്‍ മൈലേജുണ്ടാകും ഈ വണ്ടിക്ക് എന്നാണ് കരുതപ്പെടുന്നത്.
പെട്രോളിനെ അപേക്ഷിച്ച് ഡീസലിന് വിലക്കുറവായതിനാല്‍ ഏതാണ്ടെല്ലാ വാഹനനിര്‍മാതാക്കളും ഡീസല്‍ മോഡല്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. പെട്രോള്‍ വാഹന വിപണിയിലെ രാജാക്കന്മാരായ ഹോണ്ട പോലും ചെറിയ ഡീസല്‍ ര്‍ഞ്ചിന്‍ വികസിപ്പിച്ചെടുത്ത് ഇന്ത്യയില്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.