ടിക്കറ്റ് മാജിക്കുമായി കിംഗ്ഫിഷറും ഫിന്‍‌എയറും

ബുധന്‍, 16 മാര്‍ച്ച് 2011 (18:15 IST)
PRO
PRO
ഫിന്‍‌എയറിന്റെ ഒരു ടിക്കറ്റ് കൈവശംവച്ച് ഒരൊറ്റ തവണ ചെക്ക്-ഇന്‍ ചെയ്താല്‍ മാത്രം മതി, ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും ആകാശമാര്‍ഗം യൂറോപ്പിലെ 60 ലക്‍ഷ്യങ്ങളില്‍ എത്തിച്ചേരാം. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആഭ്യന്തര വിഭാഗവും ഫിന്‍‌എയറും സഹകരിച്ചാണ് ഇത് സാധ്യമാക്കാന്‍ പോകുന്നത്.

മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, പൂനെ, ജയ്‌പൂര്‍, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന കിംഗ്ഫിഷര്‍ വിമാനങ്ങളാണ് ഈ സൌകര്യം ലഭ്യമാക്കുക. ഡല്‍ഹി അന്താരാഷ്‌ട്രവിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന ഫിന്‍‌എയര്‍ വിമാനങ്ങളുമായി ഇവയെ ബന്ധിപ്പിക്കുക വഴിയാണ് ഇത് സാധ്യമാവുന്നത്.

യൂറോപ്പിലേക്കും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഫിന്‍‌എയര്‍ ഡല്‍ഹിയില്‍ നിന്ന് സര്‍വീസ് നടത്തും. പതിനൊന്ന് ഏഷ്യന്‍ നഗരങ്ങളില്‍ എത്തിച്ചേരാനും ഇതുവഴി സാധിക്കും.

മുഴുനീള യാത്രയ്ക്ക് ഒരു ടിക്കറ്റ് മതി എന്നത് യാത്രക്കാര്‍ക്ക് സഹായകരമാവുമെന്ന് ഫിന്‍‌എയര്‍ ഡയറക്‍ടര്‍ കാറി സ്റ്റോള്‍ബോ അറിയിച്ചു. തങ്ങളുടെ ഇന്ത്യയിലെ സാന്നിദ്ധ്യം അരക്കിട്ടുറപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ ഡല്‍ഹിയില്‍ നിന്ന് ഹെല്‍‌സിങ്കിയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ഫിന്‍‌എയര്‍ നല്‍കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക