ഗോതമ്പ്, അരി കയറ്റുമതി നിര്‍ത്തി‌വയ്ക്കും

വെള്ളി, 24 ജൂലൈ 2009 (16:05 IST)
രാജ്യത്ത് കാലവര്‍ഷത്തിലുണ്ടായ കനത്ത കൃഷിനാശം ഭക്‍ഷ്യോല്‍പ്പാദനത്തെ ബാധിച്ചേക്കുമെന്ന ആശങ്കള്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഗോതമ്പിന്‍റെയും ബസുമതി അല്ലാത്ത അരിയുടെയും കയറ്റുമതി മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി കൃഷി മന്തി ശരദ് പവാര്‍ രാജ്യസഭയില്‍ പറഞ്ഞു.

ഇതിനു പുറമെ സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് ഡീസലിന് നല്‍കുന്ന സബ്സിഡിയുടെ പകുതി കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പവാര്‍ പറഞ്ഞു. ഭക്‍ഷ്യ ശേഖരത്തില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെങ്കിലും മുന്‍‌കരുതല്‍ എന്ന നിലയ്ക്കാണ് ഈ നടപടികള്‍ സ്വീകരിക്കുന്നതെന്ന് പവാര്‍ പറഞ്ഞു.

13 മാസത്തേക്കുള്ള ഭക്‍ഷ്യ ധാന്യങ്ങള്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്. പരിപ്പിന്‍റെ അസാധാരണമായ വിലവര്‍ധനയില്‍ ആശങ്കയുണ്ടെങ്കിലും ഇത് ഒരു താല്‍ക്കാലിക പ്രതിഭാസമായിരിക്കും. കൃഷിക്കാരുടെ വായ്പ എങ്ങിനെ പുന: സംഘടിപ്പിക്കാമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വായ്പ തിരിച്ചടവിനായി കര്‍ശന നടപടികള്‍ കൈക്കൊള്ളില്ലെന്നും ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായി പവാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക