ആഗോള ക്രൂഡോയില്‍ വില വീപ്പയ്ക്ക് 117 ഡോളറായി ഉയര്‍ന്നു. നൈജീരിയയില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനത്തില്‍ വന്ന നേരിയ കുറവും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം സംഭവിച്ചേക്കുമെന്ന അഭ്യൂഹങ്ങളുമാണ് എണ്ണ വില വീണ്ടും ഉയര്‍ന്ന് റിക്കോഡിട്ടത്.
അമേരിക്കന്‍ വിപണിയില്‍ എണ്ണ വില 1.83 ഡോളര്‍ നിരക്കില്‍ വര്‍ദ്ധിച്ച് 116.96 ഡോളറായി ഉയര്‍ന്നു. ഇടവേളയില്‍ 117 ഡോളര്‍ വരെ എത്തിയിരുന്നു. അതേ സമയം ലണ്ടന്‍ വിപണിയില്‍ എണ്ണ വില 1.49 ഡോളര്‍ കണ്ട് വര്‍ദ്ധിച്ച് 113.92 ഡോളറായി ഉയര്‍ന്നു.
2002 ന് ശേഷം എണ്ണവിലയില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. എണ്ണയുടെ ഉപഭോഗത്തിലെ ഗണ്യമായ വര്‍ദ്ധനയാണ് പ്രധാനമായും എണ്ണ വില ഉയരാന്‍ കാരണമായത്. ചൈന, ഇന്ത്യ തുടങ്ങിയ വികസന രാജ്യങ്ങളില്‍ ആവശ്യം പല മടങ്ങാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
നൈജീരിയയില്‍ റോയല്‍ ഡച്ച് ഷെല്‍ കമ്പനിയുടെ വകയായുള്ള ഒരു പ്രധാന പൈപ്പ് ലൈനില്‍ എണ്ണ പ്രവാഹം തടസപ്പെടുത്തുമെന്ന് വിമത സേന പ്രഖ്യാപിച്ചിരുന്നു. ഇതെ തുടര്‍ന്ന് എണ്ണ ഉല്‍പ്പാദനവും ഗണ്യമായി കുറഞ്ഞിരുന്നു.
ഒപെക് അനുവദിച്ചിട്ടുള്ളതിലും കുറച്ചാണ് ഷെല്‍ കമ്പനി ഇപ്പോള്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്. നിലവില്‍ പ്രതിദിനം 4 ലക്ഷം വീപ്പ എണ്ണയാണ് കമ്പനി ഉല്‍പ്പാദിപ്പിക്കുന്നത്.
വെള്ളിയാഴ്ച ചൈനയിലെ എണ്ണ ശേഖരത്തില്‍ നാല് ശതമാനത്തോളം കുറവ് വന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് നികത്തുന്നതിനായി ചൈന വീണ്ടും വിപണിയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയായാല്‍ എണ്ണ വില വീണ്ടും ഉയര്‍ന്നേക്കും എന്നും സൂചനയുണ്ട്.