ക്രൂഡോയില്‍ വിലകയറി; പെട്രോള്‍ വിലകൂടും

വ്യാഴം, 13 ജനുവരി 2011 (08:30 IST)
PRO
ലണ്ടന്‍ വിപണിയില്‍ അടക്കമുള്ള രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്രോള്‍ വില വീണ്ടും ഉയര്‍ത്താന്‍ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു. സൂചനകള്‍ അനുസരിച്ച് പെട്രോള്‍ വിലയില്‍ ലിറ്ററിന് രണ്ട് രൂപാ വരെ വര്‍ദ്ധനവുണ്ടാകും.

ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം വിലകയറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതിയില്ല. ഇവയ്ക്കൊന്നും സ്വതന്ത്രവിപണി ഇല്ല. ഇവയുടെ വില വര്‍ദ്ധിപ്പിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കനിയണം. കഴിഞ്ഞമാസം തന്നെ ഡീസല്‍ വില സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എണ്ണക്കമ്പനികള്‍.

എന്നാല്‍ ഭക്‌ഷ്യോല്‍‌പ്പന്നങ്ങളുടെയും അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരുന്നതിനാല്‍ ഡീസല്‍ വില കയറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചില്ല. ഡീസല്‍ വില വര്‍ധനയ്ക്കെതിരെ ധനമന്ത്രാലയം രംഗത്തെത്തിയതോടെ കമ്പനികള്‍ക്ക്‌ തിരിച്ചടിയായി. ഒരു ലിറ്റര്‍ ഡീസല്‍ വില്‍‌ക്കുമ്പോള്‍ ഏഴ് രൂപയോളം നഷ്ടമെങ്കിലും ഇപ്പോള്‍ നേരിടുന്നുണ്ട് എന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

പെട്രോളിന്‌ സ്വതന്ത്ര വിപണി അനുവദിച്ചതിനാല്‍ കമ്പനികള്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ തന്നെഎണ്ണക്കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കാനാകും. ഡീസല്‍ അടക്കം വിലനിയന്ത്രണമുള്ള പെട്രോളിയം ഉല്‍‌പന്നങ്ങള്‍ വില്‍‌ക്കുന്നതിലെ നഷ്ടം പെട്രോളിന് വിലകയറ്റി ഒരുപരിധി എങ്കിലും കുറയ്ക്കാം എന്നുള്ള പ്രതീക്ഷയിലാണ് എണ്ണക്കമ്പനികള്‍.

ക്രൂഡോയില്‍ വില കഴിഞ്ഞ ഒരു മാസത്തിനിടെ ബാരലിന്‌ 15 ഡോളറിലധികം കൂടിയതിനാല്‍ പെട്രോളിന്‌ ലിറ്ററിന്‌ നാലു രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാണ്‌ കമ്പനികളുടെ നിലപാട്‌. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന്‌ 98 ഡോളര്‍ വരെയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക