കിംഗ്‌ഫിഷര്‍ 25 ശതമാനം ഓഹരി വില്‍ക്കുന്നു

ശനി, 7 ഫെബ്രുവരി 2009 (10:43 IST)
സാമ്പത്തിക പുന:സംഘടനയുടെ ഭാഗമായി രാജ്യത്തെ പ്രമുഖ സ്വകാര്യ എയര്‍ലൈന്‍സായ കിംഗ്‌ഫിഷര്‍ എയേലൈന്‍സ് 25 ശതമാനം ഓഹരികള്‍ വില്‍ക്കുന്നു. ഓഹരി വില്‍പ്പനയിലൂടെ 2000 കോടി രൂപ സമാഹരിക്കാനാണ് കിംഗ്ഫിഷര്‍ ലക്‍ഷ്യമിടുന്നത്. ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ വിദേശ വിമാനക്കമ്പനികളെ നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് കിംഗ്ഫിഷര്‍ ഇത്തരമൊരു വില്‍പ്പനക്കൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ മൂല്യം 8000 കോടി രൂപയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഓഹരി വില്‍പ്പനയ്ക്ക് പുറമെ കിംഗ്ഫിഷറിന്‍റെ ഹോള്‍ഡിംഗ് കമ്പനിയാ‍യ യുണൈറ്റഡ് ബിവറേജസില്‍ നിന്ന് 6400 കോടി രൂപയ്ക്കുള്ള വായ്പാ ജാമ്യം തേടാനും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് തീരുമാനിച്ചിട്ടുണ്ട്.

പുതിയ വിമാനങ്ങള്‍ വാങ്ങാനായിരിക്കും ഈ തുക ഉപയോഗിക്കുക. ഇതിനു പുറമെ പാട്ടത്തിനെടുത്ത ഒമ്പത് വിമാനങ്ങള്‍ തിരിച്ചു നല്‍കാനും കിംഗ്‌ഫിഷര്‍ തീരുമാനിച്ചിട്ടുണ്ട്. 2008 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് 626 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് സാമ്പത്തിക പുന:സംഘടനാ നടപടികള്‍ കൈക്കൊണ്ടത്.

വെബ്ദുനിയ വായിക്കുക