ശമ്പള കുടിശിക ആവശ്യപ്പെട്ട് കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ നടത്തിവന്ന സമരം അവസാനിച്ചു. മൂന്ന് മാസത്തെ ശമ്പളം ദീപാവലിക്ക് മുന്‍പ് തന്നെ നല്‍കാമെന്ന മാനേജ്മെന്റിന്റെ നിര്‍ദ്ദേശം ജീവനക്കാര്‍ അംഗീകരിക്കുകയായിരുന്നു. സമരം അവസാനിച്ചതിനെത്തുടര്‍ന്ന് ജീവനക്കാര്‍ ഉടന്‍ തന്നെ ജോലിക്ക് ഹാജരാകും.
ശേഷിക്കുന്ന മാസത്തെ ശമ്പളം ഡിസംബര്‍ 16ന് മുന്‍പ് നല്‍കാമെന്ന് മാനേജ്മെന്റ് അറിയിച്ചതായും ജീവനക്കാര്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള കുടിശിക ഉണ്ടാവുകയാണങ്കില്‍ കന്പനിയുടെ ഓഹരി വിറ്റഴിച്ച ശേഷം നല്‍കുമെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യ പങ്കെടുക്കുന്ന ഒക്‌ടോബര്‍ 27ലെ ഫോര്‍മുല വണ്‍ കാറോട്ട മത്സരവേദിയില്‍ പ്രതിഷേധിക്കുമെന്ന് ജീവനക്കാര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.
മാര്‍ച്ച് മാസം മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. സെപ്റ്റംബര്‍ മുതല്‍ ജീവനക്കാര്‍ സമരം തുടങ്ങിയതോടെ ഒരു സര്‍വീസ് പോലും കിംഗ്ഫിഷര്‍ നടത്തിയിരുന്നില്ല.
കമ്പനി സിഇഓ സഞ്ജയ് അഗര്‍വാള്‍ വ്യാഴാഴ്ച ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഡയറക്‌ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ കിംഗ്ഫിഷറിന്റെ പ്രവര്‍ത്തനലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇനി റഗുലേഷന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ കിംഗ്‌ഫിഷറിന് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുകയുള്ളൂ.