കാര്‍ വില്‍പ്പന 11.67% കൂടി

ബുധന്‍, 10 ഒക്‌ടോബര്‍ 2007 (11:47 IST)
രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ 11.67 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2007 സെപ്തംബര്‍ മാസത്തെ കാര്‍ വില്‍പ്പന 11.67 ശതമാനം നിരക്കില്‍ വര്‍ദ്ധിച്ച് 1,05,822 യൂണിറ്റുകളായി. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കാര്‍ വില്‍പ്പന 94,575 യൂണിറ്റുകളായിരുന്നു.

സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്ചറിംഗ് ബുധനാഴ്ച രാവിലെ വെളിപ്പെടുത്തിയതാണിക്കാര്യം.

കാര്‍ വില്‍പ്പന പതിവു പോലെ വര്‍ദ്ധിച്ചെങ്കിലും മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന കഴിഞ്ഞ മാസങ്ങളിലേതു പോലെ തന്നെ സെപ്തംബറിലും കുറഞ്ഞിട്ടുണ്ട്. സെപ്തംബറിലെ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 18.40 ശതമാനം നിരക്കില്‍ കുറഞ്ഞ് 5,48,816 എന്ന നിലയിലേക്കു താണു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,72,570 എണ്ണമായിരുന്നു.

അതേ സമയം മൊത്തത്തിലുള്ള ഇരുചക്രവാഹന വില്‍പ്പനയാവട്ടെ കഴിഞ്ഞ വര്‍ഷത്തെ സെപ്തംബറിലെ 7,82,930 ല്‍ നിന്ന് ഇക്കൊല്ലം സെപ്തംബറില്‍ 6,79,766 ആയി കുറഞ്ഞിട്ടുണ്ട്. ഈയിനത്തിലെ കുറവ് 13.17 ശതമാനമാണ്.

വാണിജ്യ വാഹന വില്‍പ്പനയാവട്ടെ 2006 സെപ്തംബറിലെ 42,364 ല്‍ നിന്നും 2007 സെപ്തംബറില്‍ 42,770 ആയി വര്‍ദ്ധിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക