കള്ളപ്പണം: അന്വേഷണത്തിന് പ്രത്യേക സമിതി

തിങ്കള്‍, 25 ഏപ്രില്‍ 2011 (17:35 IST)
ഇന്ത്യക്കാര്‍ വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിനുള്ള അന്വേഷണം ഏകോപിപ്പിക്കുന്നതിന്‌ പത്തംഗ പ്രത്യേക സമിതി രൂപീകരിക്കുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍. റവന്യൂ സെക്രട്ടറിയായിരിക്കും സമിതി അധ്യക്ഷന്‍. കള്ളപ്പണക്കേസില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ്‌ സര്‍ക്കാര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

റവന്യൂ സെക്രട്ടറിക്ക് പുറമെ ഇന്റലിജന്‍സ് ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്, സി ബി ഐ, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ എന്നിവയുടെ ഡയറക്ടര്‍മാര്‍, റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ് ചെയര്‍മാന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

ഹസന്‍ അലി, എല്‍ ടി ജി ബാങ്ക് എന്നീ കേസുകളുടെ അന്വേഷണത്തില്‍ ഒതുങ്ങുന്നതല്ല സമിതിയുടെ പ്രവര്‍ത്തനമെന്നും കള്ളപ്പണം കണ്ടെത്തുന്നതിനുള്ള ഒരു സ്ഥിരം സംവിധാനമായിരിക്കും ഇതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക