കമ്പനി ബില്‍ 2008 ന് അനുമതി

ശനി, 30 ഓഗസ്റ്റ് 2008 (12:56 IST)
പുതിയ കമ്പനി ബില്‍ 2008 ന് കേന്ദ്രമന്ത്രി അനുമതി നല്‍കി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി കപില്‍ സിബല്‍ അറിയിച്ചതാണിത്.

ബില്ലിന്‍റെ പ്രധാന സവിശേഷത പൊതുവിപണിയില്‍ നിന്ന് സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം പുതിയ നിയമം അനുസരിച്ച് 33 ശതമാനം സ്വതന്ത്ര ഡയറക്‍ടര്‍മാരെ നിയമിക്കാന്‍ കഴിയും.

അതേ സമയം സര്‍ക്കാരിന്‍റെ ഇടപെടലില്‍ പരിമിതികള്‍ കൂടുതലായി ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഒക്‍ടോബറില്‍ ചേരുന്ന അടുത്ത പാര്‍ലമെന്‍റ് യോഗത്തില്‍ പുതിയ കമ്പനി ബില്‍, 2008 അവതരിപ്പിക്കും. 1956ലെ കമ്പനി നിയമത്തിനു പകരമായാണ് ഈ പുതിയ ബില്‍ അവതരിപ്പിക്കുക.

പുതിയ ബില്‍ നിലവില്‍ വരുന്നത് ദൂര്യവ്യാപകമായ ഫലങ്ങള്‍ ഉളവക്കാന്‍ സഹായിക്കും എന്നും കപില്‍ സിബല്‍ പറഞ്ഞു.
പുതിയ ബില്ലില്‍ കമ്പനികളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, കമ്പനി സെക്രട്ടറി എന്നിവരെ മാനേജ്‌മെന്‍റിലെ പ്രധാനപ്പെട്ട പദവികളായി കണക്കാക്കും. മറ്റു കമ്പനികളുമായി ലയിക്കുന്നതിനും ഏറ്റെടുക്കുന്നതിനും ഇവരെ ഒറ്റ കക്ഷിയായി പരിഗണിക്കും.

ഏഴ് വര്‍ഷങ്ങളില്‍ കൂടുതലായി അവകാശപ്പെടാതെ കിടക്കുന്ന ലാഭവിഹിതവും സെക്യൂരിറ്റികളും നിക്ഷേപകര്‍ക്ക് നഷ്ടപ്പെടാത്ത തരത്തില്‍ സംരക്ഷണം നല്‍കും. ഇതിനായി നിക്ഷേപകര്‍ക്ക് മതിയായ അവബോധം നല്‍കുന്നതിനു വേണ്ട നടപടികളും കൈക്കൊള്ളും. ചെറുകിട കമ്പനികള്‍ക്കും മതിയായ സംരക്ഷണം നല്‍കുന്ന തരത്തിലുള്ളതാണ് പുതിയ ബില്‍.

പുതിയ നിയമം അനുസരിച്ച് ഒരു കമ്പനിക്കു കീഴില്‍ എത്ര ഉപ കമ്പനികള്‍ വേണമെങ്കിലുമാകാം. അതേ സമയം ഉപ കമ്പനികള്‍ മാതൃസ്ഥാപനവുമായുള്ള ബന്ധവും ഇടപാടുകളും വ്യക്‌തമാക്കിയിരിക്കണം.

എല്ലാ ഓഹരിയുടമകള്‍ക്കും കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 24 മണിക്കൂറും ഇന്‍റര്‍നെറ്റില്‍ ലഭ്യമാക്കണം. ഇതിനൊപ്പം കമ്പനികളുടെ ഭരണസമിതി യോഗങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിങ്‌ മുഖേനയാകാം.

പുതിയ നിയമം ചെറിയ കമ്പനികളെ നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ ഉദാരമായിരിക്കും. എന്നാല്‍ ലാഭത്തിനല്ലാതെ പ്രവര്‍ത്തിക്കുന്നവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കര്‍ക്കശവും. പ്രമോട്ടര്‍മാരെയും ഡയറക്ടര്‍മാരെയും കുറിച്ചുള്ള വിശദാംശങ്ങള്‍ കമ്പനി സ്ഥാപിക്കുന്ന സമയത്തു തന്നെ ലഭ്യമാക്കണം എന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ.

കമ്പനി ഡയറക്ടര്‍മാര്‍ക്കു തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. ഇതിനൊപ്പം കമ്പനിയിലെ പങ്കാളികളുടെ എണ്ണം നിലവിലെ 20 ല്‍ നിന്ന് 100 വരെയാകാം എന്നാക്കും.

എന്നാല്‍ കമ്പനി ഡയറക്ടര്‍മാരില്‍ ഒരാളെങ്കിലും ഇന്ത്യയില്‍ താമസിക്കുന്നയാളാവണം. പ്രത്യേക നിയമ നിബന്ധനകളുടെ അടിസ്ഥാനത്തിലല്ലാതെ പൊതുജനങ്ങളില്‍ നിന്നു ധനസമാഹരണം അനുവദിക്കില്ല എന്നതാണ് മറ്റൊരു സുപ്രധാന വ്യവസ്ഥ.

ഇ-ഗവേണന്‍സിന് കൂടുതല്‍ പ്രാമുഖ്യം നല്‍കും. കമ്പനികളുടെ മൂല്യ നിര്‍ണയം ഓഡിറ്റ്‌ സമിതികള്‍ നിശ്ചയിക്കുന്ന വിദഗ്ധരാണു നടത്തുക.

വെബ്ദുനിയ വായിക്കുക