കടപ്പത്ര ലേലത്തിലൂടെ സര്‍ക്കാര്‍ 3.68 ലക്ഷം കോടി സമാഹരിക്കും
ഞായര്‍, 30 മാര്‍ച്ച് 2014 (17:42 IST)
PRO
PRO
പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കടപ്പത്ര ലേലത്തിലൂടെ സര്‍ക്കാര്‍ 3.68 ലക്ഷം കോടി രൂപ സമാഹരിക്കും. ആറുമാസക്കാലയളവില്‍ ആഴ്ചതോറും പുറത്തിറക്കുന്ന ദീര്‍ഘകാല, ഹ്രസ്വകാല കടപ്പത്രങ്ങളിലൂടെ പണം സമാഹരിക്കുകയാണ് ലക്‌ഷ്യമിടുന്നതെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം വ്യക്തമാക്കി.
ഫെബ്രുവരിയില്‍ ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 2014-15 വര്‍ഷത്തില്‍ 5.97 ലക്ഷം കോടി രൂപ കടപ്പത്രത്തിലൂടെ സമാഹരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ 61.6 ശതമാനമാണ് ഇപ്പോള്‍ ആദ്യ ആറുമാസക്കാലയളവില്‍ സമാഹരിക്കാനൊരുങ്ങുന്നത്.
കടപ്പത്ര വില്‍പ്പന മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് മായാറാം പറഞ്ഞു. ഏപ്രില്‍-മേയ് മാസങ്ങളില്‍ ആഴ്ച തോറും ശരാശരി 17,000 കോടി രൂപ വീതം സമാഹരിക്കുകയാണ് ലക്‌ഷ്യം. അടുത്ത ആഴ്ച ആദ്യ ലേലം നടക്കും. സപ്തംബര്‍ 22ന് അവസാനിക്കുന്ന ആഴ്ചയിലാണ് അവസാന ലേലം. ഓരോ ആഴ്ചയും നാല് ബോണ്ടുകള്‍ വീതമായിരിക്കും പുറത്തിറക്കുക. ഹ്രസ്വകാല-ദീര്‍ഘകാല ബോണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടും.
അടുത്ത ആഴ്ച റിസര്‍വ് ബാങ്ക് ധനവായ്പാ നയം പ്രഖ്യാപിക്കും. ഏപ്രില്‍ ഒന്നിന് നടക്കുന്ന വായ്പാ അവലോകനത്തില്‍ ആര്‍ബിഐ അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്നാണ് കരുതുന്നത്. ഇതായിരിക്കും കടപ്പത്ര വില്‍പ്പനയുടെ ഗതി നിര്‍ണയിക്കുക.