ഒരു കിലോ വാഴനാരിന് 600 രൂപാ!

ശനി, 30 ഏപ്രില്‍ 2011 (10:44 IST)
PRO
PRO
കുല വെട്ടിയാല്‍ പിന്നെ വാഴ കൊണ്ടെന്ത് പ്രയോജനം എന്ന് ചോദിക്കാന്‍ വരട്ടെ. ചിലരൊക്കെ വെട്ടിയ വാഴയുടെ പോള പൊളിച്ചെടുത്ത് ഉള്ളിലെ വാഴപ്പിണ്ടിയെടുത്ത് ഉപ്പേരിയുണ്ടാക്കും. വൃക്കയിലെ കല്ലിന് കണ്‍‌കണ്ട ഔഷധമാണ് വാഴപ്പിണ്ടി എന്നാണ് ആയുര്‍‌വേദം പറയുന്നത്. എന്നാല്‍ പൊളിച്ചുമാറ്റുന്ന വാഴപ്പോളയില്‍ നിന്നും പണമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കൈപ്പാടിലെ (കണ്ണൂര്‍) ഭക്‌ഷ്യസുരക്ഷാസേന. ഒരു കിലോ വാഴനാര് നല്‍‌കിയാല്‍ 600 രൂപാ കിട്ടുമെന്നാണ് ഇവര്‍ പറയുന്നത്.

കണ്ണൂരിലെ പടന്നക്കാട് കാര്‍ഷിക കൊളേജിന്റെ നേതൃത്വത്തില്‍ കൈപ്പാട് സമഗ്ര വികസന പദ്ധതി പ്രകാരം രൂപീകരിക്കപ്പെട്ട സന്നദ്ധസേനയാണ് ഭക്‌ഷ്യസുരക്ഷാസേന. ഇവര്‍ വാഴനാരില്‍ നിന്ന് വരുമാനവും മൂല്യവര്‍ദ്ധിത ഉല്‍‌പന്നങ്ങളും ഉണ്ടാക്കാന്‍ പരിശീലനം ലഭിച്ചവരാണ്. ഒരു വാഴത്തടയില്‍ നിന്ന് 150 ഗ്രാം വാഴനാര് കിട്ടുമെത്രേ. അതായത് കുല വെട്ടിയാല്‍ പിന്നെ കളയുന്ന തടയില്‍ നിന്ന് 90 രൂപയുടെ വരുമാനം.

വാഴനാര് ഉപയോഗിച്ച് ബാഗ്, തൊപ്പി, പഴ്സ്, ലാമ്പ് ഷാഡോ, പാവകള്‍, പലതരം കരകൌശലവസ്തുക്കള്‍ എന്നിവയൊക്കെ ഉണ്ടാക്കാന്‍ ഈ സേനയ്ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ചപ്പാരപ്പടവ് അതിരുകുന്നിലെ കെ സരോജനിയാണ് ഏറ്റവുമടുത്തായി ഇവരെ പരിശീലിപ്പിച്ചത്. തളിപ്പറമ്പിനടുത്ത് പൂവത്ത് സ്വന്തമായി ഒരു സ്ഥാപനം നടത്തുന്ന സരോജിനി നാല് വിദേശ രാജ്യങ്ങളിലേക്ക് വാഴനാര് ഉല്‍‌പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നുണ്ട്.

പ്രകൃതിയെ കൊല്ലാക്കൊല ചെയ്യുന്ന പ്ലാസ്റ്റിക് ഉല്‍‌പന്നങ്ങള്‍ക്ക് പകരം പ്രകൃതിയില്‍ ഇഴുകിച്ചേരുന്ന വാരനാര് കൊണ്ടുള്ള ഉല്‍‌പന്നങ്ങള്‍ വിദേശരാജ്യങ്ങളില്‍ മികച്ച വിപണി കണ്ടെത്തുന്നുണ്ട്. ഒപ്പം തന്നെ കാര്‍ഷികവൃത്തിയില്‍ നിന്ന് കൂടുതല്‍ ആദായമുണ്ടാക്കുകയും ചെയ്യാം. വാഴത്തടയായാലും പാഴെന്ന് കരുതി വലിച്ചെറിയല്ലേ എന്നാണ് ഭക്‌ഷ്യസുരക്ഷാസേന നമ്മോട് പറയുന്നത്.

വെബ്ദുനിയ വായിക്കുക