എസ്‌യുവി ശ്രേണിയിലെ എല്ലാ സമവാക്യങ്ങളും മാറ്റിയെഴുതി ജീപ്പ് ‘കോംപസ്’; വകഭേദങ്ങളും വിലകളും അറിയാം !

ബുധന്‍, 2 ഓഗസ്റ്റ് 2017 (15:55 IST)
ഇന്ത്യയിലെ ജീപ്പ് ആരാധകരെ ആവേശത്തിലാഴ്ത്തി വൻ വിലക്കുറവിൽ വിപണിയിലെത്തിയ ‘ജീപ്പ് കോംപസ്’ സ്വന്തമാക്കാൻ ആരാധകപ്രവാഹം. ഇതുവരെ അയ്യായിരത്തിലധികം ബുക്കിങ്ങുകളാണ് ഇന്ത്യന്‍ നിര്‍മ്മിത ‘കോംപസി’നെ തേടിയെത്തിയിരിക്കുന്നതെന്നാണ് കമ്പനി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആദ്യം നിശ്ചയിച്ച തീയതിക്കും മുമ്പേയായിരുന്നു ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ ‘ജീപ്പ് കോംപസി’ന്റെ അരങ്ങേറ്റം നടത്തിയത്. പെട്രോൾ മോഡലിന് 14.95 ലക്ഷം മുതൽ 19.40 ലക്ഷം വരെയും ഡീസൽ മോഡലിന് 15.45 ലക്ഷം മുതൽ 20.65 ലക്ഷം രൂപ വരെയുമാണ് ഷോറൂം വില.  
 
പെട്രോൾ, ഡീസൽ വകഭേദങ്ങളില്‍ വിപണിയിലേക്കെത്തുന്ന ‘കോംപസി’നുള്ള ഓർഡറുകൾ ഇപ്പോളും സ്വീകരിക്കുന്നുണ്ടെങ്കിലും ഡീസൽ എൻജിനുള്ള മോഡലുകളാവും ആദ്യം കൈമാറുകയെന്നാണ് എഫ് സി എ ഇന്ത്യ നല്‍കുന്ന വിവരം. മാനുവൽ ട്രാൻസ്മിഷനോടെയെത്തുന്ന പെട്രോൾ ‘കോംപസ്’ ലഭിക്കണമെങ്കില്‍ ദീപാവലി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും സൂചനകളുണ്ട്. തുടര്‍ന്നായിരിക്കും ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള പെട്രോൾ ‘കോംപസ്’ വിൽപ്പനയ്ക്കെത്തുക.  
 
എക്സോട്ടിക്ക റെഡ്, മിനിമൽ ഗ്രേ, ഹൈഡ്രോ ബ്ലൂ, ഹിപ് ഹോപ് ബ്ലാക്ക്, വോക്കൽ വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാവുന്ന ‘കോംപസി’ന് മൂന്നു വർഷമോ അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററോ നീളുന്ന വാറന്റിയാണ് എഫ് സി എ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം വർഷത്തിലൊരിക്കല്‍ മാത്രമോ അല്ലെങ്കില്‍ 15,000 കിലോമീറ്റർ പിന്നിട്ടു കഴിഞ്ഞാലോ മാത്രമാണു ‘കോംപസി’നു സർവീസ് ആവശ്യമുള്ളതെന്നതുമാണ് ആരാധകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 
 
158 ബിഎച്ച്പി കരുത്തും 260 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 1.4 ലീറ്റർ മൾട്ടിജെറ്റ് പെട്രോൾ എൻജിനും 167 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 2 ലീറ്റർ ഡീസൽ എൻജിനുമാണ് ഇന്ത്യൻ കോംപസിനു കരുത്തേകുന്നത്. 4398 എംഎം നീളവും, 1819 എംഎം വീതിയും 1667 എംഎം ഉയരവും 2636 എംഎം വീൽബെയ്സുമാണ് ഇന്ത്യന്‍ കോംപസിനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജീപ്പിന്റെ ചെറു എസ് യു വി റെനഗേഡിന്റെ പ്ലാറ്റ്ഫോമിലാണ് ഈ ജീപ്പ് കോം‌പസിന്റെ നിര്‍മാണം. 
 
രാജ്യാന്തര വിപണിയിൽ വിൽപ്പനയിലുള്ള കോംപസിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ‘സ്മോൾ വൈഡ് ആർക്കിടെക്ചർ’ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോംപസിൽ ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ് സഹിതമുള്ള സ്വതന്ത്ര സസ്പെൻഷനും കൃത്യതയാർന്ന ഇലക്ട്രിക് പവർ സ്റ്റീയറിങ്ങുമാണ് എഫ്‌സി‌എ വാഗ്ദാനം ചെയ്യുന്നത്. 
ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്സ, മഹിന്ദ്ര എക്സ്‌യുവി 500 എന്നിങ്ങനെയുള്ള ഇന്ത്യൻ വിപണിയിലെ പല ജനപ്രിയ ബജറ്റ് എസ്‌യു‌വികള്‍ക്കുമാകും കോംപസ് ഭീഷണി സൃഷ്ടിക്കുക. 
 
‘കോംപസി’ന്റെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില അറിയാം:
 
പെട്രോൾ ‘സ്പോർട്’ — 14.95, 
 
‘ലിമിറ്റഡ്’(ഓട്ടമാറ്റിക് ട്രാൻസ്മിഷൻ)  — 18.70, 
 
‘ലിമിറ്റഡ് ഓപ്ഷൻ’(ഓട്ടമാറ്റിക് ട്രാൻസ്മിഷൻ) — 19.40. 
 
ഡീസൽ ‘സ്പോർട്’ — 15.45, 
 
‘ലോഞ്ചിറ്റ്യൂഡ്’ — 16.45, 
 
‘ലോഞ്ചിറ്റ്യൂഡ് ഓപ്ഷൻ’ — 17.35, 
 
‘ലിമിറ്റഡ്’ — 18.05, 
 
‘ലിമിറ്റഡ് ഓപ്ഷൻ’ — 18.75, 
 
‘ലിമിറ്റഡ് ഫോർ ബൈ ഫോർ’ — 19.95, 
 
‘ലിമിറ്റഡ് ഓപ്ഷൻ ഫോർ ബൈ ഫോർ’ — 20.65.

വെബ്ദുനിയ വായിക്കുക