ഇന്‍ഫോസിസ്‌ 18.4% ലാഭ വര്‍ധന

വെള്ളി, 12 ഒക്‌ടോബര്‍ 2007 (10:54 IST)
രാജ്യത്തെ ഐ.റ്റി മേഖലയിലെ മുന്‍ നിരയിലുള്ള ഇന്‍ഫോസിസ്‌ ടെക്നോളജീസ്‌ നടപ്പ്‌ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 18.4 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. കമ്പനി മാനേജിംഗ്‌ ഡയറക്‌ടര്‍ എസ്‌.ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തിയതാണിക്കാര്യം.

2007--&08 കാലയളവിലെ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കമ്പനിയുടെ അറ്റാദായം 1,100 കോടി രൂപയായി ഉയര്‍ന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 929 കോടി രൂപയായിരുന്നു.

വരുമാനത്തിന്‍റെ കാര്യത്തില്‍ കമ്പനി മികച്ച നിലയിലേക്ക്‌ ഉയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനി രണ്ടാം പാദത്തില്‍ 4,106 കോടി രൂപയുടെ വരുമാനമാണുണ്ടാക്കിയത്.

ഈ സാമ്പത്തിക വര്‍ഷത്തെ അര്‍ധവാര്‍ഷിക ഫലം പ്രഖ്യാപിക്കുന്ന ആദ്യ വന്‍കിട കോര്‍പറേറ്റ്‌ സ്ഥാപനമാണ്‌ ഇന്‍ഫോസിസ്‌.

കഴിഞ്ഞ മാസങ്ങളില്‍ രൂപയുടെ വിനിമയ നിരക്കില്‍ ഉണ്ടായ അസാമാന്യമായ ഉയര്‍ച്ച കമ്പനിയുടെ ലാഭത്തില്‍ ഗണ്യമായ കുറവു വരുത്തിയിട്ടുണ്ടെന്നാണ്‌ കരുതുന്നത്‌.


വെബ്ദുനിയ വായിക്കുക